കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളജ് എസിപി സി.ഉമേഷ്. കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കും. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബം നൽകിയ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോറി ഉടമ മനാഫ്, സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചരണം നടത്തിയവര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമ പേജുകൾ പരിശോധിക്കുമെന്നും കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് കമ്മിഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്.
അതേസമയം, അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മനാഫ് പറഞ്ഞു. കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അർജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടതെന്നും മനാഫ് പറഞ്ഞു.
Shirur Landslide Victim’s Family Alleges Cyber Attack Police Investigate Lorry Owner Manaf
Kerala News Shirur Landslide Rescue Kozhikode News Cyber Attack Kerala Police lorry udama manaf youtube page