ടെൽ അവീവ്: ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിനു പകരം വീട്ടുമെന്നു പ്രഖ്യാപിച്ച് ഇസ്രയേലിൽ മിസൈല്‍ ആക്രമണവുമായി ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണു നടപടി. ഇസ്രയേൽ നഗരമായ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകൾ അയച്ചെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു.
ജോര്‍ദാനിലെ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടെല്‍ അവീവിൽ അക്രമികൾ ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ യുഎസ് സ്ഥിതിഗതികൾ വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു.
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്കു നിർദേശം നൽകി.
ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ജോർദാനിൽ വ്യോമഗതാഗതം നിർത്തി. ഹിസ്‌ബുല്ല നേതാവ് ഹസൻ നസ്‍റല്ലയുടെ കൊലപാതകം ഇസ്രയേലിന്റെ തകർച്ചയ്ക്കു കാരണമാകുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണു നസ്‍റല്ല കൊല്ലപ്പെട്ടത്. അതേസമയം, തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു. ലബനൻ ആസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും ആക്രമണം നടത്തുകയും ഹിസ്‍ബുല്ല കേന്ദ്രങ്ങൾ കരസേന കമാൻഡോകൾ ആക്രമിച്ചെന്നും ഇസ്രയേൽ വ്യക്തമാക്കി.
US says it believes Iran is preparing an imminent ballistic missile attack against Israel
Iran- Israel Tension Lebanon Hezbollah World News United States Of America (USA)