ബെയ്റൂട്ട്: ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തായിരിക്കും നസ്‌റല്ല ഉണ്ടാകുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ സൈന്യത്തിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’ അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബങ്കറിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമായി നസ്‌റല്ല കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഇസ്രയേൽ ആക്രമണം. സെപ്റ്റംബർ 28നാണ് നസ്‌റല്ല കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. പിന്നീട് ഹിസ്ബുള്ളയും ഇക്കാര്യം ശരിവച്ചു.
27നു വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളാണു ഹിസ്ബുള്ള ആസ്ഥാനത്തിട്ടത്. 6 പാർപ്പിടസമുച്ചയങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. 6 മീറ്റർ വരെ കോൺക്രീറ്റ് ഭേദിക്കാനും ഭൂമിയിൽ 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചതെന്നു റിപ്പോർട്ടുണ്ട്. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതു ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്. 28നു രാവിലെയാണ് നസ്റല്ലയുടെയും മറ്റു ഹിസ്ബുള്ള നേതാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006 മുതൽ ഇസ്രയേൽ നീക്കങ്ങൾ തുടങ്ങിയിരുന്നു. 2006ൽ ഹിസ്ബുള്ളയുമായി നടന്ന യുദ്ധം ഇസ്രയേലിന് വ്യക്തമായ വിജയം സമ്മാനിക്കാതെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിൽ അവസാനിച്ചിരുന്നു. അന്നുമുതൽ ഹിസ്ബുള്ളയുടെ നേതൃത്വത്തെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ വലിയ സംഘം ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് ഇസ്രയേൽ വിന്യസിച്ചത്. കൂടാതെ ഹിസ്ബുള്ള നേതാക്കളുടെ മൊബൈൽ ഫോണുൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ സിഗ്നലുകൾ ചോർത്താൻ ഇസ്രയേൽ സൈന്യത്തിന്റെ സിഗ്നൽസ് ഇന്റലിജൻസ് ഏജൻസിയായ യൂണിറ്റ് 8200 അത്യാധുനിക സൈബർ സങ്കേതങ്ങളും വികസിപ്പിച്ചെടുത്തുവെന്ന് യുഎസ് മാധ്യമമായ ന്യൂയോർക്ക് ൈടംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹിസ്ബുള്ളയെ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ അതിവേഗം സൈനികർക്കും വ്യോമസേനയ്ക്കും കൈമാറുന്നതിനായി പുതിയ സംഘങ്ങളെ തന്നെ ഇസ്രയേൽ സൈന്യത്തിനുള്ളിൽ രൂപീകരിച്ചിരുന്നു.
ഇന്റലിജൻസ് സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഇസ്രയേൽ ഓപ്പറേഷൻ 2008ലാണ് ആദ്യം ഫലം കാണുന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഇമാദ് മഗ്നിയയെ യുഎസ് ചാരസംഘടന സിഐഎയുടെ സഹായത്തോടെ 2008ൽ സിറിയയിൽവച്ച് മൊസാദ് വധിച്ചു. പിന്നീട് 2020ൽ ഇറാൻ ഖുദ്സ് സേനയുടെ മേധാവിയായിരുന്ന ക്വാസിം സുലൈമാനി സിറിയയിൽനിന്ന് ബെയ്റുട്ടിലേക്ക് നസ്‌റല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പോകുന്ന വിവരം ഇസ്രയേലാണ് യുഎസിന് നൽകുന്നത്. തുടർന്ന് ബാഗ്ദാദ് വിമാനത്താവളത്തിൽവച്ച് ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് സുലൈമാനിയെ വധിച്ചു. എന്നാൽ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്തെ തുടർന്ന് ഈ സമയം നസ്റല്ലയെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചിരുന്നില്ല.
Iranian Spy Exposed Hezbollah Leader Hassan Nasrallah Report Claims Iran Lebanon Hezbollah israel Israel Palestine Conflict