മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള ‘റെസ്റ്റ് ഓഫ് ഇന്ത്യ’ ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയിട്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്‌ക്കെതിരെ കളിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
എന്നാല്‍ സഞ്ജുവിനെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു വേണ്ടിയാണ് ബിസിസിഐ മാറ്റിനിര്‍ത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം തുടങ്ങുന്ന ട്വന്റി20 പരമ്പരയില്‍ സഞ്ജു ആയിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ഒക്ടോബര്‍ ഒന്നിന് ലക്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ മുംബൈ പോരാട്ടം തുടങ്ങുന്നത്. ഒക്ടോബര്‍ ആറിനു രാത്രി ഏഴു മണിക്കാണ് ഇന്ത്യ ബംഗ്ലദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഗ്വാളിയോറില്‍വച്ചാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം.
നേരത്തേ സഞ്ജു സാംസണും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി പരമ്പരയിലുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇഷാന്‍ ഇറാനി കപ്പ് കളിച്ചാല്‍ സഞ്ജുവായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ബംഗ്ലദേശ് ടെസ്റ്റ് പരമ്പര കളിക്കുന്ന ഋഷഭ് പന്തിന് ട്വന്റി20യില്‍ വിശ്രമം അനുവദിക്കാനാണു സാധ്യത. ട്വന്റി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളാണുള്ളത്. ഈ മത്സരങ്ങള്‍ക്ക് കൂടി ഉപയോഗിക്കേണ്ടതിനാലാണ് പന്തിന് അവധി നല്‍കുന്നത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ട്വന്റി20 ടീമില്‍ സഞ്ജുവിനു പുറമേ അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, തിലക് വര്‍മ, ശിവം ദുബെ എന്നിവരും കളിക്കും. ധ്രുവ് ജുറേലായിരിക്കും ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനു കീഴില്‍ കളിക്കുന്ന താരമാണ് ജുറേല്‍.
രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഒഴിവാക്കി
Leave a Comment