കോഴിക്കോട്: തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാർ ഫ്ലക്സ്ബോർഡ് വച്ചു. ചെന്നൈ പൊലീസ് കഴിഞ്ഞദിവസം എൻകൗണ്ടറിലൂടെ കൊടുംകുറ്റവാളിയെ വെടിവച്ചു കൊന്നതറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ പേരാമ്പ്രക്കാർ. തമിഴ്നാട്ടിൽ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയെയാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈ പൊലീസ് വെടിവച്ചുകൊന്നത്. കർക്കടകത്തിലെ ഉഴിച്ചിൽ ചികിത്സയ്ക്കെന്ന പേരിൽ ഒന്നരമാസത്തോളം പേരാമ്പ്രയിൽ ഒളിവിൽക്കഴിഞ്ഞ ബാലാജി തമിഴ്നാട് പൊലീസ് ഇവിടെയെത്തിയതിനുപിറകെയാണ് രക്ഷപ്പെട്ട് ചെന്നൈയിലേക്ക് പോയത്. പേരാമ്പ്രയിൽ ബിസിനസ് സംരംഭം തുടങ്ങാനും ബാലാജി നീക്കം നടത്തിയിരുന്നു.
ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ തുടങ്ങിയവ ഉൾപ്പെടെ അറുപതോളം കേസുകളാണ് ബാലാജിയുടെ പേരിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷനുസമീപത്ത് ബാലാജിയുടെ വണ്ടി നിർത്തിയിട്ടതായി കണ്ടെത്തിയ പൊലീസ് തുടർന്ന് ബാലാജിയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ വെടിവയ്പ്പിൽ ബാലാജി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ചെന്നൈ പൊലീസിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചെന്നൈ സ്റ്റാൻലി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
സാക്ഷ്യംവഹിച്ചത് നാടകീയ സംഭവങ്ങൾക്ക്
പേരാമ്പ്രയ്ക്ക് സമീപത്തെ വെള്ളിയൂരുകാർ കഴിഞ്ഞ ജൂലൈ 27ന് സാക്ഷ്യംവഹിച്ചത് നാടകീയ സംഭവങ്ങൾക്കാണ്. അന്നുരാവിലെ പത്തിന് പേരാമ്പ്ര വെള്ളിയൂരിലെ വലിയ പറമ്പിൽ ഒരുവീട്ടിലേക്ക് ഒരുസംഘം ആളുകൾ കയറിച്ചെന്നു. വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ബാലാജിയെവിടെ എന്നു ചോദിച്ചാണ് സംഘം വീട്ടിൽ കയറിച്ചെന്നത്. അപരിചിതരായതിനാൽ വീട്ടമ്മ വീടിന്റെ മുൻവശത്തെ ഗ്രിൽ അടച്ചു. ഇതിനിടെ രണ്ടുപേർ വീടിന്റെ പിൻവശത്തേക്ക് തോക്കുമായി പോയി. മുന്നിലുള്ളവർ തോക്ക് ലോഡ് ചെയ്തു. പേടിച്ചരണ്ട വീട്ടുകാരി ബഹളംവച്ചു.
വീട്ടുകാരിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടി. വീട്ടിൽ പാമ്പുകയറിയതാണെന്നു കരുതി വടിയുമായി വന്നവർ വരെയുണ്ടായിരുന്നു. തൊട്ടപ്പുറത്തെ വീട്ടിൽ കോൺക്രീറ്റ് പണിക്കെത്തിയ തൊഴിലാളികളും ഓടിക്കൂടി. ‘തങ്ങൾ തമിഴ്നാട് പൊലീസിൽനിന്നാണെന്നും ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാക്കാത്തോപ്പ് ബാലാജിയെ തേടിവന്നതാണെന്നും’ സംഘാംഗങ്ങൾ പറഞ്ഞു. ബാലാജിയുടെ ചിത്രം കാണിച്ചപ്പോഴാണ് നാട്ടുകാർ ആളെ തിരിച്ചറിഞ്ഞത്. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നോക്കിയെത്തിയ പൊലീസ് വീടുമാറി തൊട്ടടുത്ത വീട്ടിൽ കയറിയതായിരുന്നു. വീട്ടുകാരി ബാലാജിയുടെ സഹായിയാണെന്നു കരുതിയാണ് പൊലീസ് തോക്കെടുത്തത്. തമിഴ്നാട് പൊലീസും നാട്ടുകാരും തമ്മിൽ ബഹളം നടക്കുന്നതിനിടെ വിവരമറിഞ്ഞ ബാലാജി തൊട്ടടുത്ത വീട്ടിൽനിന്ന് ഇറങ്ങി മുങ്ങുകയായിരുന്നു.
ഉഴിച്ചിൽ ചികിത്സയ്ക്കെന്ന വ്യാജേന പേരാമ്പ്രയിലെത്തി
ബാലാജി പേരാമ്പ്രയിലെത്തിയത് ഉഴിച്ചിൽ ചികിത്സയ്ക്കാണെന്ന പേരിലാണ്. വലിയപറമ്പ് സ്വദേശിയായ വ്യക്തിയാണ് ബാലാജിക്ക് വാടകവീട് എടുത്തുനൽകിയത്. ഇയാൾ ചെന്നൈയിൽ പ്രോ വോളി മത്സരങ്ങൾ കാണാൻപോയിരുന്നു. അവിടെവച്ച് ചെന്നൈയിലെ ഒരു സുഹൃത്താണ് ബാലാജിയെ പരിചയപ്പെടുത്തിയത്. തുടർന്നാണ് ബാലാജി ഉഴിച്ചിലിനാണെന്ന വ്യാജേന പേരാമ്പ്രയിലെത്തിയത്. ബാലാജി കൊടുംകുറ്റവാളിയാണെന്ന് പേരാമ്പ്ര സ്വദേശിക്കും അറിയില്ലായിരുന്നു. പക്ഷേ ഇതിന്റെ പേരിൽ നാട്ടുകാർ വലിയപറമ്പ് സ്വദേശിക്കെതിരെ കശപിശയുണ്ടാക്കുകയും ചെയ്തു.
കർക്കടകത്തിലെ ഉഴിച്ചിൽചികിത്സ 14 ദിവസമാണ്. എന്നാൽ ബാലാജി 14ദിവസംകഴിഞ്ഞിട്ടും പോകാതായതോടെ നാട്ടുകാരിൽ ചിലർക്ക് സംശയം മുളച്ചു. ബാലാജിയോട് നേരിട്ട് ചോദിക്കുകയും ചെയ്തു. നിസാരകാരണങ്ങൾ പറഞ്ഞ് ബാലാജി താമസം തുടരുകയായിരുന്നു. ഉഴിച്ചിൽക്കാലത്ത് മത്സ്യമാംസങ്ങൾ കഴിക്കരുതെന്ന് പഥ്യമുണ്ട്. എന്നാൽ രണ്ടുദിവസം കൂടുമ്പോൾ പേരാമ്പ്രയിലെ കടയിലെത്തി നാലുകിലോ ചിക്കനും മറ്റുംവാങ്ങുന്നത് പതിവായതും നാട്ടുകാർക്ക് സംശയമുണ്ടാക്കി.
പുതിയ ബിസിനസ് സംരംഭം തുടങ്ങാനും പദ്ധതി
പേരാമ്പ്രയിലെത്തിയ ബാലാജിക്ക് നാടും ഇവിടുത്തെ രീതികളും ഇഷ്ടപ്പെട്ടു. പുതിയ ബിസിനസ് സംരംഭം തുടങ്ങാനും പദ്ധതിയിട്ടു. പേരാമ്പ്രയിലെ യാത്രക്കിടെ വഴിയരികിൽ ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവച്ചത് കണ്ടു. ഇത് മൊത്തമായി വാങ്ങി റീ സൈക്ലിങ്ങിന് ചെന്നൈയിലേക്ക് കൊണ്ടുപോവുന്ന ബിസിനിസ് തുടങ്ങാൻ ബാലാജി പദ്ധതിയിട്ടു. ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യത്തിനായി ബാലാജി കയറിയിറങ്ങി. ഇതിനിടെയുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പേരാമ്പ്രയിലെത്തിയത്.
കാക്കാത്തോപ്പ് ബാലാജി വെടിയേറ്റുമരിച്ച വാർത്ത കഴിഞ്ഞദിവസമാണ് പേരാമ്പ്രക്കാർ അറിഞ്ഞത്. തുടർന്ന് വെള്ളിയൂർ സ്വദേശികളാണ് ഇന്നലെ തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡു വച്ചത്. ബാലാജി തിരികെ നാട്ടിലെത്തുമെന്ന ഭീതിയിലായിരുന്നു വെള്ളിയൂരുകാർ.