പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണ്. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്നും സിപിഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും പി.കെ. ശശി ശ്രമിച്ചതായി എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കള്ളക്കേസില്‍ പ്രതിയാക്കാന്‍ പി കെ ശശി ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തി. ഇതിന് പാര്‍ട്ടിക്ക് തെളിവു ലഭിച്ചിട്ടുണ്ട്. പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്. എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന പരിഗണന വെച്ചാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. പി കെ ശശി തെറ്റു തിരുത്തുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സ്വയം തെറ്റു തിരുത്തുക ലക്ഷ്യമിട്ടാണ് പി കെ ശശിക്കെതിരെ തരംതാഴ്ത്തല്‍ നടപടിയെടുത്തത്. പി കെ ശശി ഇത് ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, പി കെ ശശിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാധ്യമപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്തു.
ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽനിന്നു പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ കോളജിനു വേണ്ടി ഓഹരികൾ സമാഹരിച്ചു, വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളിൽ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മിഷനെ നിയോഗിച്ചിരുന്നു. 2019ൽ എം.ബി.രാജേഷ് പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയർന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.
MV Govindan Slams PK Sasi Communist Party of India Marxist CPM Kerala News Palakkad News