ഹമാസ് സൈനിക നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; ഗാസയിൽ 71 പേർ കൊല്ലപ്പെട്ടു

കെയ്റോ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണമായിരുന്നു ഇത്. 289 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിലും കയ്റോയിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.

ഖാൻ യൂനിസിനു സമീപം അൽ–മവാസി മേഖലയിലാണ് ആക്രമണമുണ്ടായത്. ഇസ്രയേൽ സേന സുരക്ഷിതമേഖലയായി അംഗീകരിച്ചിട്ടുള്ള ഇടമാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ പലസ്തീൻകാർ ഇവിടെ അഭയം പ്രാപിച്ചിരുന്നു. എന്നാൽ ആക്രമണം നടത്തിയ സ്ഥലത്ത് ഹമാസ് പ്രവർത്തകർ മാത്രമാണുണ്ടായിരുന്നതെന്നും സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നുമാണ് ഇസ്രയേൽ സേനയുടെ വിശദീകരണം.

അതേസമയം ആക്രമണത്തിൽ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടോ എന്നതിൽ വ്യക്തതയില്ല. ഒക്ടോബർ 7ലെ ആക്രമണത്തിന്റെ സൂത്രധാരരിൽ ഒരാളാണ് ദൈഫെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതുവരെ 7 തവണ ദൈഫിനെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7