കൊച്ചി: തൃപ്പൂണിത്തുറ നിയസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യംചെയ്യപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ്. പാര്‍ട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ വിശ്വാസികള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളും ബിംബങ്ങളും സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കയറിക്കൊടുത്താലും അതൊന്നും പ്രശ്‌നമല്ലെന്ന തോന്നലും സന്ദേശവുമാണ് വിധി നല്‍കുന്നത്. അത് ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതും അതിന്‍റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്നതുമാണെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ജനപ്രാതിനിധ്യനിയമത്തിന്റെ നഗ്നമായ ലംഘനം അവിടെ ഉണ്ടായി. പരാതികളുടെ തുടര്‍ച്ചയായാണ് ഹൈക്കോടതിയില്‍ പോയത്. തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ വിധി മറിച്ചാണ് വന്നത്. വിചിത്രമായ വിധിയാണിത്. കേസില്‍ ജയിച്ചോ തോറ്റോ എന്നതൊന്നും പ്രശ്‌നമല്ല. അതിനപ്പുറത്ത് ഇത് തെറ്റായ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കും. ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ലെന്നും സ്വരാജ് പറഞ്ഞു. ഇത് തോറ്റുകഴിഞ്ഞപ്പോള്‍ ഉണ്ടാക്കിയ കേസല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തൃക്കാക്കര എം.എല്‍.എക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലെന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ഉമാ തോമസിന്റെ ആരോപണത്തോട് പ്രതികരണം ആരാഞ്ഞപ്പോള്‍ സ്വരാജ് മറുപടി നല്‍കി. അവരന്ന് രാഷ്ട്രീയത്തില്‍പ്പോലുമില്ല. അതിന് തനിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.