തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോൾ അടിക്കാൻ കാശില്ലാതെ പൊലിസ്. 28 കോടി കുടിശികയുള്ളതിനാൽ പൊലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
തിരുവനന്തപുരം എസ്എപിയിലെ പൊലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടേണ്ട സമയത്താണ് ഈ പ്രതിസന്ധി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പൊലീസിനെയും പിടികൂടിയിട്ട് നാളേറെയായി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനവും പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകാതെ കുഴഞ്ഞിരുന്നു. സ്വന്തം കയ്യിൽ നിന്നായിരുന്നു അന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ധനമടിച്ചിരുന്നത്.
സാമ്പത്തിക ഞെരുക്കം കാരണം ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോലും പോകാനാകാതെ വഴിമുട്ടി നിൽക്കുകയാണ്. പല ഉദ്യോഗസ്ഥർക്കും പ്രതിയെ പിടിക്കാൻ ഓടി നടന്ന വകയിൽ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളുമാണ്.
ഇപ്പോള്‍ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് പൊലീസുകാർ കൂടുതൽ ജാഗ്രതയോടെ ഓടിനടക്കേണ്ട സമയമാണ്. മാത്രമല്ല, പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിലെത്താനിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും ഓടിനടക്കുന്നു. പെരുമാറ്റ ചട്ടമൊക്കെയുണ്ടെങ്കിലും വിഐപി സുരക്ഷയിൽ മാറ്റമൊന്നുമില്ല.
ഇങ്ങനെയിരിക്കുമ്പോഴാണ് പൊലീസ് വാഹനങ്ങള്‍ നിരത്തിലിറക്കാൻ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി. ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പു കള്‍ക്ക് മാർച്ച് പത്തുവരെ കൊടുക്കാനുളളത് 28 കോടി കുടിശികയാണ്.
ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലിസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.
റേഷൻ കണക്കെ വാഹനങ്ങളിൽ ഇന്ധനം നൽകിയാലും കഷ്ടിച്ച ഒരാഴ്ചക്കുള്ള ഇന്ധനം മാത്രമാണ് ടാങ്കിൽ ബാക്കിയുള്ളത്. പൊലീസിന് ബജറ്റിൽ അനുവദിച്ചിരുന്ന തുകയും കഴിഞ്ഞ് അധികവും നൽകി. വീണ്ടും ചോദിച്ചിട്ടും ഇല്ലെന്നാണ് മറുപടി. ശമ്പളം പോലും പ്രതിസന്ധയിൽ നിൽക്കുമ്പോള്‍ ഇന്ധനത്തിന്‍റെ കാര്യത്തിൽ ഇപ്പോഴൊന്നും ധനവകുപ്പ് കനിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടത്താനായി വാഹനങ്ങള്‍ നിരത്തിലിറക്കാൻ വീണ്ടും പൊലീസുകാർ കയ്യിൽ നിന്ന് പണമിടേണ്ടിവരും.