മുംബൈ:: ഇന്ത്യന്‍മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി. റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനുനേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിതം ആരും ഏറ്റെടുത്തിട്ടില്ല. ലൈബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.