ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ ഹിന്ദിയെച്ചൊല്ലി പോര്. പ്രസംഗം ഇംഗ്ലിഷിലേക്ക് തർജമ ചെയ്യണമെന്ന് ഡി.എം.കെ നേതാവ് ടി.ആർ.ബാലു ആവശ്യപ്പെട്ടതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ പൊട്ടിത്തെറിച്ചു.
ഹിന്ദിയിൽ സംസാരിച്ച നിതീഷ് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ഇംഗ്ലിഷിലേക്കു തർജമ ചെയ്യണമെന്നും ടി.ആർ.ബാലു മറുവശത്ത് ഇരുന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംപി മനോജ് കെ.ഝായോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, തർജമ ചെയ്യാനാരംഭിച്ച മനോജ് ഝായെ ‘മിണ്ടാതിരിക്കൂ’ എന്നുപറഞ്ഞ് നിതീഷ് വിലക്കി.
തുടർന്ന് തമിഴ് നേതാക്കളോടായി അദ്ദേഹം പറഞ്ഞു – ‘‘നിങ്ങൾ ഹിന്ദി പഠിക്കണം. അതു നമ്മുടെ രാഷ്ട്രഭാഷയാണ്. എന്തിനാണ് ഇംഗ്ലിഷ് ആവശ്യപ്പെടുന്നത്?. നമ്മൾ പതിറ്റാണ്ടുകൾ മുൻപേ ബ്രിട്ടിഷുകാരെ ഇന്ത്യയിൽനിന്നു പുറത്താക്കിയതാണ്’’. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ മേധാവിയുമായ എം.കെ.സ്റ്റാലിനും ടി.ആർ.ബാലുവിന് ഒപ്പമുണ്ടായിരുന്നു.