സുരേഷ് ഗോപി കുറ്റം ചെയ്തിട്ടില്ല, ഇനി വിളിപ്പിക്കില്ല, കേസിൽ വഴിത്തിരിവ്

കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലില്‍ പൊലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ബുധനാഴ്ച കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ ഇന്നലെ സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് വിട്ടയച്ചത്. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ 354 എ (ലൈംഗികാതിക്രമം) എന്ന വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അത്തരത്തിലുള്ള ഒരു കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ല എന്ന വിലയിരുത്തലില്‍ പൊലീസ് എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. മറ്റു കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7