വധശിക്ഷ കൂടാതെ 5 ജീവപര്യന്തം, ജീവിതാവസാനം വരെ തടവ്; ശിക്ഷാ വിധി ഇങ്ങനെ

കൊച്ചി: ആലുവ ബലാത്സംഗ കൊലയിലെ കോടതി വിധിയില്‍ നൂറു ശതമാനം തൃപ്തിയുണ്ടെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ചുമത്തിയെ എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷ തന്നെ പ്രതിക്കു ലഭിച്ചെന്ന് മോഹന്‍രാജ് മാധ്യമങ്ങളോടു പറഞ്ഞു.

പതിനാറു വകുപ്പുകളിലാണ് അസഫാക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍ ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും മൂന്നു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. ശേഷിച്ച 13 വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷ വിധിച്ചു. ഐപിസി 302 പ്രകാരം കൊലക്കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്.

https://youtu.be/GimRTXOTJCY

ഐപിസി 376 ടു ജെ, ഐപിസി 377, പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം അസഫാക് ആലം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. മൊത്തം അഞ്ചു വകുപ്പുകളിലാണ് ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഐപിസി 366 എ, 364, 367, 328 എന്നിവ പ്രകാരം പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഐപിസി 201 പ്രകാരം അഞ്ചു വര്‍ഷം തടവുശിക്ഷയും 297 പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും ഇതു ലഭിച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7