കല്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ ഐസിഎംആർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
https://youtu.be/aDCzaCkPJ2U
വവ്വാലുകളെ തുടർച്ചയായി നിരീക്ഷിക്കുന്നതു കൊണ്ടും, പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നതുകൊണ്ടുമാണ് കേരളത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്നു മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും വൈറസ് സാന്നിധ്യമുണ്ട്. കോഴിക്കോട് ചിലയിടങ്ങളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ വയനാട്ടിലും, കോഴിക്കോടും പ്രവർത്തനങ്ങൾ കൃത്യമായി ജോയിപ്പിച്ച് മുന്നോട്ടുപോകും. എതെങ്കിലും പ്രത്യേക സ്ഥലമെന്നതല്ല, കന്യാകുമാരി മുതൽ കശ്മീർവരെ എവിടെവേണമെങ്കിലും നിപ്പ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോടിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത് ഐസിഎംആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാടു നിന്നും സാംപിൾ ശേഖരിച്ചത്. മറ്റു സംസ്ഥാനങ്ങളിലും നിപ്പ മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് കണ്ടുപിടിക്കപ്പെട്ടില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ കൃത്യമായ പരിശോധന നടക്കുന്നതു കൊണ്ടാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. വയനാട്ടിലെ പരിശോധനാ ഫലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാത്രമേ എല്ലാവരും സർക്കാർ വെളിപ്പെടുത്തലിനെ കാണാവൂ എന്നും മന്ത്രി പറഞ്ഞു.