ടെല്‍ അവീവ്: ഹമാസ് നടത്തിയ മിന്നലാക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിന്റെ തുടക്കം മാത്രമാണ് ഗാസയിലെ ബോംബാക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ”ഞങ്ങളുടെ ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല. എന്നാല്‍ ഇത് തുടക്കം മാത്രമാണന്നു ഞാന്‍ നിങ്ങളോട് പറയുന്നു. ഞങ്ങള്‍ ഒരിക്കലും ക്ഷമിക്കുകയില്ല. ജൂതരുടെ മേല്‍ ചുമത്തിയ ഭീകരതകള്‍ മറക്കാന്‍ ലോകത്തെ അനുവദിക്കുകയില്ല. ഒരു പരിധിയുമില്ലാതെ ശത്രുക്കള്‍ക്കെതിരെ പോരാടും”നെതന്യാഹു പറഞ്ഞു.
പലസ്തീനില്‍ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രതികരണം. 24 മണിക്കൂറിനുള്ളില്‍ ഗാസ സിറ്റി വിടണമെന്നാണു പലസ്തീന്‍ ജനതയോട് ഇസ്രയേലിന്റെ ആഹ്വാനം.
ഗാസ ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍, കരയാക്രമണ ഭീതിയിലാണു ഗാസയിലെ ജനത. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു പിന്നാലെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്നലെ ഇസ്രയേലിലെത്തി. യുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി ഇന്നലെ അമ്മാനില്‍ ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തിയ ആന്റണി ബ്ലിങ്കന്‍ ദോഹയിലെത്തി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ത്താനിയെ കണ്ടു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയും ബഹ്‌റൈനും സന്ദര്‍ശിക്കും. അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ള ബന്ദികളുടെ സുരക്ഷിത മോചനമാണു യുഎസിന്റെ പ്രധാനതാല്‍പര്യങ്ങളിലൊന്ന്