സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപര്‍ണ നായര്‍. അടുത്തിടെയാണ് അപർണ ആത്മഹത്യ ചെയ്തത്. സീരിയൽ ലോകത്തെയാകെ ഞെട്ടിച്ച വിയോഗമായിരുന്നു അപർണയുടേത്. ഇപ്പോഴിതാ അപർണയുടെ ഒരു മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചു പറഞ്ഞിരിക്കുകയാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം സംസാരിച്ചത്.
കഴിവുള്ള അഭിനേത്രിയായിരുന്നു അപർണ, എന്നാൽ അവളുടെ വിയോഗം നമ്മളെ തളർത്തിക്കളഞ്ഞു. ഇപ്പോൾ ഞങ്ങൾ ഈ വിഡിയോയുമായി എത്തിയിരിക്കുന്നത് അപർണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവൾക്ക് ഞാൻ അമ്മയെപ്പോലെയും. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്’. ബീന പറഞ്ഞു.
‘അപർണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപർണയുടെ ഇപ്പോഴത്തെ ഭർത്താവ്. അപർണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടി അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ആദ്യ കുട്ടി അപർണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതൽ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ അപർണ കുട്ടിയ ലൊക്കേഷനിൽ കൊണ്ടുവരുമായിരുന്നു. അന്നു മുതൽ അവന്തികയ്ക്ക് ആ കുട്ടിയെ ഇഷ്ടമാണ്. ഇപ്പോൾ കുട്ടിയ്ക്ക് 18 വയസ്സുണ്ട്.
നിയമപരമായി ഇപ്പോൾ ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. പിന്നാലെയാണ് അവന്തിക എന്നെ വിളിച്ച് കുട്ടിയെ ഞാൻ വളർത്തിക്കോട്ടെ എന്നു ചോദിച്ചത്. നമുക്ക് ഒരുമിച്ച് പോയി അപർണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളർത്താം എന്നാണ് അവന്തിക പറഞ്ഞത്. അന്നു തന്നെ അതിന് നിയമപരമായ പ്രശ്നമുണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്
എന്നാലും അവളുടെ ആഗ്രഹം കൊണ്ട് ഞങ്ങൾ പോയി. എന്നാൽ അപർണയുടെ അമ്മ അതിന് തയാറായിരുന്നില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാൻ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്. അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്’. ഇരുവരും വിഡിയോയിൽ പറഞ്ഞു.
ആ കുടുംബം വളരെ ദുരിതത്തിലാണ് ജീവിക്കുന്നത്. അപർണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടി അവളെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാൻ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇരുവരും വിഡിയോയിൽ പറഞ്ഞു.