ആറ്റിങ്ങല്‍: ‘അയാള്‍ തീര്‍ന്നെടാ, ഇനി രക്ഷപ്പെടാം….’- ഇങ്ങനെ പറഞ്ഞാണ് വര്‍ക്കല കല്ലമ്പലത്ത് വിവാഹദിവസം വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ഓടിപ്പോയത്. കല്യാണത്തലേന്നത്തെ തിരക്കുകള്‍ ഒതുക്കി മിക്ക ആളുകളും വീടുകളിലേക്ക് പോയ സമയത്താണ് രാജന്റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ വിവാഹസത്കാരം കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് അയല്‍വാസികൂടിയായ ജിഷ്ണുവും സുഹൃത്തുക്കളും വിവാഹവീടിന് മുന്നിലെത്തി ബഹളമുണ്ടാക്കിയത്. പിന്നാലെ രാജന്റെ മകളെയും വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെയും പ്രതികള്‍ ക്രൂരമായി ആക്രമിച്ചു. ഇത് കണ്ടാണ് രാജന്‍ ഓടിയെത്തിയത്. രാജനും ഭാര്യയും ചേര്‍ന്ന് അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ സമീപത്തുണ്ടായിരുന്ന മണ്‍വെട്ടി കൊണ്ട് രാജന്റെ തലയ്ക്കടിക്കുകയായിരുന്നു.
അര്‍ധരാത്രിയോടെ വീട്ടിലെത്തിയ ജിഷ്ണുവും സുഹൃത്തുക്കളും രാജനെയും മകളെയും ക്രൂരമായി ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ബുധനാഴ്ച വിവാഹിതയാകാനിരുന്ന മകളെ മുന്‍സുഹൃത്തായ ജിഷ്ണു അടിച്ചുവീഴ്ത്തുകയും മുഖം നിലത്തിട്ട് വലിച്ചിഴക്കുകയും വീണ്ടും മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ബന്ധുക്കളെ ജിഷ്ണുവിന്റെ സുഹൃത്തുക്കളാണ് കൈകാര്യം ചെയ്തത്. ഓടിയെത്തിയ രാജനെയും ഇവര്‍ ക്രൂരമായി ആക്രമിച്ചു. വീടിന്റെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തിയാണ് രാജനെ ആദ്യം മര്‍ദിച്ചത്. ഇതിനുപിന്നാലെയാണ് മണ്‍വെട്ടിയെടുത്തും സംഘം ആക്രമണം നടത്തിയത്.
മണ്‍വെട്ടികൊണ്ടുള്ള അടിയേറ്റ് ബന്ധുക്കളില്‍ പലരും നിലത്തുവീണു. പിന്നാലെ രാജനെയും പ്രതികള്‍ തലയ്ക്കടിച്ചു. അടിയേറ്റ ഉടന്‍ രാജന്‍ നിലത്തേക്ക് മറിഞ്ഞുവീണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ ‘അയാള്‍ തീര്‍ന്നടാ, ഇനി രക്ഷപ്പെടാം’ എന്നുപറഞ്ഞ് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
അറസ്റ്റിലായ പ്രതികള്‍
സംഭവം നടക്കുമ്പോള്‍ രാജനും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിനാല്‍ അക്രമികളെ പ്രതിരോധിക്കാനോ നേരിടാനോ കഴിഞ്ഞില്ല. ബഹളം കേട്ട് കൂടുതല്‍പേര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജന്‍ മരിച്ചിരുന്നു.
രാജന്റെ മകളുമായി അയല്‍വാസിയായ ജിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ആലോചിച്ചിരുന്നെങ്കിലും ജിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം രാജനും കുടുംബവും ഇതില്‍നിന്ന് പിന്മാറുകയും മകള്‍ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ജിഷ്ണു സുഹൃത്തുക്കളെയും കൂട്ടിയെത്തി വിവാഹവീട്ടില്‍ അക്രമം നടത്തിയത്.
സംഭവത്തില്‍ മുഖ്യപ്രതി ജിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട രാജന്‍ ഓട്ടോഡ്രൈവറാണ്.