ഇ-വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകള്‍

വിനോദസഞ്ചാരികള്‍ക്കായുള്ള വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വിസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വിസ ചട്ടങ്ങളില്‍ സമീപകാലത്ത് പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ഇ-വിസയ്ക്ക് ഉണ്ടായിരുന്ന കാലാവധിയായ 30 ദിവസം 90 ദിവസമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഒരു വിസയില്‍ ഒന്നിലേറെ തവണ രാജ്യത്തേക്ക് വരാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരിക. വിയറ്റ്‌നാം സര്‍ക്കാര്‍ ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി.

നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്ത് നിന്ന് ഇലക്ട്രോണിക് വിസയില്‍ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് 30 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങാന്‍ സാധിക്കുകയുള്ളു. ഒരു വിസയില്‍ ഒരു തവണ മാത്രമേ യാത്ര ചെയ്യാനും സാധിക്കുകയുള്ളു. ഇതില്‍ മാറ്റം വരുത്തുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് വിയറ്റ്‌നാം സര്‍ക്കാര്‍ വിലയിരുത്തുന്നത്. 25 ഡോളറാണ് ഇ.വിസയുടെ പ്രോസസിങ് ചാര്‍ജ്. സാധാരണ ഗതിയില്‍ അപേക്ഷിച്ചാല്‍ മൂന്ന് നാല് ദിവസംകൊണ്ടാണ് വിസ ലഭിക്കുക.

നിലവില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിയറ്റ്‌നാം ഇ-വിസ നല്‍കുന്നത്. ഇരുപത്തി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസയൊന്നും കൂടാതെ തന്നെ വിയറ്റ്‌നാം സന്ദര്‍ശിക്കാം. വലിയൊരു വിഭാഗം ഇന്ത്യന്‍ സഞ്ചാരികളും വിയറ്റ്‌നാം സന്ദര്‍ശിക്കാനായി എത്താറുണ്ട്. ചിലവ് കുറവാണെന്നതും വിയറ്റ്നാമിലെ പ്രകൃതി ഭംഗിയും ഭക്ഷണവുമൊക്കെയാണ് ഇന്ത്യക്കാരെയും വിയറ്റ്നാമിലേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യങ്ങളും രാജ്യത്തിനകത്തെ പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ബഡ്ജറ്റ് യാത്രയ്ക്ക് പറ്റിയ രാജ്യമായി വിയറ്റ്നാമിനെ മാറ്റുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7