അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയത്, അദ്ദേഹം പറഞ്ഞു.

സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല, എം.എല്‍.എ. വ്യക്തമാക്കി.

രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആന നിലവില്‍ മലയോര പ്രദേശത്തായതിനാല്‍ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂ. ജനവാസ മേഖലയിലിറങ്ങി പ്രശ്‌നമുണ്ടാക്കാതെയിരിക്കുക എന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഥവാ ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉള്‍ക്കാട്ടിലേക്ക് കടക്കുകയാണെങ്കില്‍ മറ്റിടപെടലുകള്‍ നടത്തേണ്ട എന്ന തീരുമാനത്തിലാണ് വനംവകുപ്പെന്നും എം.എല്‍.എ വ്യക്തമാക്കി.d

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7