നാല് വയസായ കുഞ്ഞിന് മരുന്നുവാങ്ങാന്‍ പോയ അച്ഛന് നേരെ എസ്‌ഐ, ദുരനുഭവം വിവരിച്ച് ശരത്

പാമ്പാടി : മുഖ്യമന്ത്രിക്കു വഴിയൊരുക്കുന്നതിനു വേണ്ടി വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസിന്റെ പ്രവൃത്തി വേദനിപ്പിച്ചതിന്റെ വിങ്ങലിലാണ് ശരത് ഇപ്പോഴും. ‘കുഞ്ഞിനു മരുന്നു വാങ്ങാനാണു വാഹനം നിര്‍ത്തിയതെന്നു പറഞ്ഞപ്പോള്‍ ‘വണ്ടി എടുത്തുകൊണ്ടു പോടാ’ എന്നൊരു അലര്‍ച്ചയായിരുന്നു എസ്‌ഐയുടേത്’ – തിരുവഞ്ചൂര്‍ പോളച്ചിറ സ്വദേശി എസ്.ശരത് ആ നിമിഷങ്ങളെക്കുറിച്ച് .

സൗദിയില്‍ നഴ്‌സായ ഭാര്യയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടശേഷം കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശരത്. നാലു വയസ്സുള്ള മകനും ശരത്തിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നു. സഹോദരനാണു കാറോടിച്ചത്.

ശരത് പറയുന്നു: ‘അമ്മ പോയതിന്റെ വിഷമത്തില്‍ കരഞ്ഞു തളര്‍ന്ന കുഞ്ഞിനു കടുത്ത പനി അനുഭവപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ അധികം തുറന്നിരുന്നില്ല. വിമാനത്താവളത്തിലേക്കു തിരിയുന്ന മറ്റൂര്‍ ജംക്ഷനു സമീപം കണ്ട മെഡിക്കല്‍ സ്‌റ്റോറിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് എസ്‌ഐ ജി.സതീശന്‍ ഓടിയെത്തി വാഹനം മാറ്റിച്ചത്. ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയിട്ടും മെഡിക്കല്‍ സ്‌റ്റോര്‍ കാണാതെ വന്നു.

അതോടെ തിരിച്ചുപോയി മറ്റൂരിലെ മെഡിക്കല്‍ സ്‌റ്റോറിന് എതിര്‍വശത്തുള്ള ഹോട്ടലിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തു. മരുന്നു വാങ്ങാന്‍ സഹോദരന്‍ പുറത്തിറങ്ങി. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ വീണ്ടും കയര്‍ത്തു. മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ പ്രതിഷേധിച്ചപ്പോള്‍ കട പൂട്ടിക്കുമെന്നായി ഭീഷണി. പെട്ടെന്നു മരുന്നുവാങ്ങി തിരികെ ഇറങ്ങിയപ്പോള്‍ പൊലീസുകാരന്‍ പറഞ്ഞതിങ്ങനെ–’കൊച്ച് കൂടെ ഇല്ലായിരുന്നെങ്കില്‍ നിന്നെയൊക്കെ തൂക്കി അകത്തിട്ടേനെ.’ മടങ്ങുന്ന വഴി കാലടി പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ എസ്പി ഓഫിസില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. രാത്രി പത്തരയോടെ വീട്ടിലെത്തിയ ശേഷം മുഖ്യമന്ത്രി, ഡിജിപി, ബാലാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് ഇമെയില്‍ വഴി പരാതി നല്‍കി.’

Similar Articles

Comments

Advertismentspot_img

Most Popular