‘മദ്യപിച്ചെന്ന് നിധി പറയുന്നത് പച്ചക്കള്ളം; അഞ്ജലിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് ക്രൂരമായ കൊലപാതകം

പുതുവത്സരാഘോഷത്തിനു ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അഞ്ജലിയുടെ സുഹ‍ൃത്ത് നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടിക്കിടെ അഞ്ജലി സിങ് മദ്യപിച്ചിരുന്നതായും എന്നിട്ടും സ്കൂട്ടറിൽ തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചതായും നിധി വെളിപ്പെടുത്തി.

കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ കുടുംബ ഡോക്ടറും അഞ്ജലി മദ്യപിച്ചിരുന്നുവെന്ന ആരോപണം തള്ളിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജലി മദ്യപിച്ചിരുന്നതായി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിലൊരിക്കലും മദ്യം കൈകൊണ്ടുപോലും തൊട്ടിട്ടില്ലാത്ത വ്യക്തിയാണ് അഞ്ജലിയെന്ന് അമ്മ മാധ്യമങ്ങളോടു പറഞ്ഞു.
ഈ പറയുന്ന നിധിയെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. അങ്ങനെ ഒരാളേക്കുറിച്ച് കേട്ടിട്ടു പോലുമില്ല. അവൾ ഇതുവരെ ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല. അവൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. എന്റെ മകൾ ജീവിതത്തിലിന്നേ വരെ മദ്യപിച്ചിട്ടില്ല. മദ്യപിച്ച് വീട്ടിൽ വന്നിട്ടുമില്ല. നിധി കള്ളം പറയുകയാണ്’ – അഞ്ജലിയുടെ അമ്മ പറഞ്ഞു.

അഞ്ജലിയുടെ അമ്മാവനും നിധിയുടെ വെളിപ്പെടുത്തലുകൾക്കെതിരെ രംഗത്തെത്തി. ‘‘നിധി പറയുന്നതെല്ലാം കള്ളമാണ്. ഇങ്ങനെയൊരു അപകടം സംഭവിച്ചിട്ടും അവരെന്തുകൊണ്ടാണ് അക്കാര്യം വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാതിരുന്നത്? പൊലീസ് അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരാണ്. പക്ഷേ, പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണം. ഇതു വെറും അപകടമല്ല, കൊലപാതകമാണ്. നിധിക്കെതിരെ സെക്ഷൻ 302 പ്രകാരം കേസെടുക്കണം’ – അമ്മാവൻ പറഞ്ഞു.

ഇതൊരു സാധാരണ കൊലപാതകമല്ലെന്ന് അഞ്ജലി സിങ്ങിന്റെ കുടുംബ ഡോക്ടറായ ഭൂപേഷും വ്യക്തമാക്കി. ‘‘പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അഞ്ജലിയുടെ ഉദരത്തിൽ ഭക്ഷണ പദാർഥങ്ങളുണ്ടായിരുന്നു. അഞ്ജലി മദ്യപിച്ചിരുന്നെങ്കിൽ അക്കാര്യം ഉറപ്പായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടുത്തുമായിരുന്നു. പക്ഷേ, ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് റിപ്പോർട്ടിലുള്ളത്. അഞ്ജലിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് ക്രൂരമായ കൊലപാതകമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അവളുടെ ശരീരത്തിലുണ്ടായിരുന്നത് 40 മുറിവുകളാണ്’ – ഡോക്ടർ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടലിൽനിന്നു രാത്രി അഞ്ജലിയും കൂട്ടുകാരിയും കൂടി പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അപകടത്തിൽ തെറിച്ചുവീണ കൂട്ടുകാരിക്ക് നിസ്സാര പരുക്കേറ്റെന്നും ഭയന്നുപോയ ഇവർ വേഗം വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നും സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular