ഈ നിയമം മെസ്സിക്ക് വേണ്ടി മാത്രം ഭരണകൂടം പുറപ്പെടുവിച്ചത്; മെസ്സി എന്നു പേരിടാന്‍ പാടില്ല!

ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്റീനന്‍ നായകനൊപ്പം ആ പേരിന്റെയും മൂല്യം കുതിച്ചുയര്‍ന്നു. ലോകത്തുടനീളമുള്ള നിരവധി അര്‍ജന്റൈന്‍ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്റെ പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മെസ്സി എന്നു പേരിടാന്‍ പാടില്ലാത്ത ഒരു നാടുണ്ട് അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ സ്വന്തം നാടായ റൊസാരിയോ തന്നെ.

‘വന്‍തോതിലുണ്ടാകുന്ന ആശയക്കുഴപ്പം’ ഒഴിവാക്കാനാണ് മെസ്സി എന്ന പേരു തന്നെ റൊസാരിയോ നഗരഭരണകൂടം നിരോധിച്ചതെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘മെസ്സി’ ഉപയോഗം വിലക്കി 2014ലാണ് അധികൃതര്‍ നിയമം കൊണ്ടുവന്നത്.

അര്‍ജന്റീനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് റൊസാരിയോ. 1987 ജൂണ്‍ 24ന് റൊസാരിയോയില്‍ ജനിച്ച മെസ്സി നഗരത്തിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ക്ലബിലാണ് കളിജീവിതം ആരംഭിച്ചത്. 13ാം വയസ്സില്‍ കുടുംബ സമേതം സ്‌പെയിനിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

അതിനിടെ, 36 വര്‍ഷത്തിന് ശേഷം നേടിയ വിശ്വകിരീടത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് അര്‍ജന്റീന. ഖത്തറില്‍നിന്ന് നാട്ടിലെത്തിയ ക്യാപ്റ്റന്‍ മെസ്സി അടക്കമുള്ള താരങ്ങള്‍ക്ക് തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് പതിനായിരങ്ങളാണ് പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ തെരുവില്‍ തടിച്ചുകൂടിയിരുന്നത്. ഡിസംബര്‍ 18 നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് നീലക്കുപ്പായക്കാര്‍ കിരീടം നേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7