ഫാൻസ് ടീം ബസിലേക്ക് ചാടി; മെസ്സിയെയും സംഘത്തെയും ഹെലികോപ്റ്ററിൽ ‘രക്ഷപ്പെടുത്തി’

ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട സുദീർഘമായ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഫിഫ ലോകകപ്പ് അർജന്റീനയിലെത്തിച്ച ലയണൽ മെസ്സിയെയും സംഘത്തെയും ആവേശാധിക്യത്താൽ വീർപ്പുമുട്ടിച്ച് സ്വന്തം നാട്ടുകാർ. ലോകകിരീടവുമായി തലസ്ഥാന നഗരത്തിലൂടെ തുറന്ന ബസിൽ സഞ്ചരിച്ചാണ് മെസ്സിയും സംഘവും ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയത്. ഇതിനിടെ ഒരു ഘട്ടത്തിൽ ആവേശം അതിരുവിട്ട് ആരാധകർ ടീമംഗങ്ങൾ സഞ്ചരിച്ചിരുന്ന തുറന്ന ബസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ, മെസ്സിയെയും സംഘത്തെയും ഹെലികോപ്റ്ററിലേക്കു മാറ്റി. പിന്നീട് ഹെലികോപ്റ്ററിലാണ് കിരീടവുമായുള്ള പ്രയാണം തുടർന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഖത്തറിൽ നടന്ന ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ, പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ നാലു കിക്കും ലക്ഷ്യത്തിലെത്തിച്ച് അർജന്റീന കിരീടവഴി വെട്ടിയപ്പോൾ, രണ്ടു കിക്ക് നഷ്ടമാക്കി ഫ്രാൻസ് രണ്ടാം സ്ഥാനക്കാരായി.

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ വിമാനത്താവളത്തിലെത്തിയ മെസ്സിയെയും സംഘത്തെയും സ്വീകരിക്കാൻ ലക്ഷക്കണക്കിനു പേരാണ് വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയത്. വിമാനത്തിൽനിന്ന് സ്വർണക്കപ്പുമായി ക്യാപ്റ്റൻ ലയണൽ മെസ്സി ആദ്യ പുറത്തേക്കിറങ്ങിയതോടെ അർജന്റീനൻ മേളയ്ക്കു തുടക്കമായി. റെഡ്കാർപറ്റിലൂടെ നടന്ന് മെസ്സിയും സംഘവും കപ്പുമായി തുറന്ന ബസിലേക്ക്. വിമാനത്താവളത്തിനും ടീമംഗങ്ങളുടെ വിശ്മ സ്ഥലമായ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്റ്റേഡിയത്തിനുമിടയിലെ മൂന്നു കിലോമീറ്ററിനുള്ളിൽ തടിച്ചുകൂടിയ ആരാധകർ ആർപ്പുവിളികളോടെ വിശ്വകിരീടത്തെ സ്വാഗതം ചെയ്തു.

1600 പൊലീസുകാർ ഉൾപ്പെടുന്ന സംഘമാണ് ജനങ്ങൾക്കിടയിലൂടെ യാത്രയ്ക്കായി ബസിന് വഴിയൊരുക്കിയത്. പാട്ടും നൃത്തവുമായി താരങ്ങളും ആരാധകർക്കൊപ്പം ചേർന്നു. എഎഫ്എ സ്റ്റേഡിയത്തിലെ വിശ്രമത്തിനുശേഷമാണ് ബ്യൂനസ് ഐറിസിലെ വിജയാഘോഷം ആരംഭിച്ചത്. ഇതിനോട് അനുബന്ധിച്ച് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

നഗരത്തിനു ചുറ്റും ലോക കിരീടവുമായി തുറന്ന ബസിൽ വലം വയ്ക്കുമ്പോഴും ലക്ഷക്കണക്കിന് ആരാധകരാണ് തെരുവുകളിൽ തിങ്ങിക്കൂടിയതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവേശം തലയ്ക്കു പിടിച്ചതോടെ ആരാധകർ ടീം ബസിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലായിരുന്നു.

ടീമംഗങ്ങൾ സഞ്ചരിക്കുന്ന തുറന്ന ബസിലേക്ക് ഓവർ ബ്രിജിന്റെ മുകളിൽനിന്ന് ഒരു ആരാധകൻ എടുത്തുചാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുറന്ന ബസിലേക്ക് ചാടിയ മറ്റൊരു ആരാധകൻ ആൾക്കൂട്ടത്തിലാണ് പതിച്ചത്. ആരാധകരുടെ ആവേശം നിയന്ത്രണാതീതമായതോടെ, തുറന്ന ബസിൽ യാത്ര തുടരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്വി താപിയ അറിയിച്ചു.

ഇതിനു പിന്നാലെയാണ് താരങ്ങളെ ഉടൻ തന്നെ ഹെലികോപ്റ്ററിലേക്കു മാറ്റിയത്. തുടർന്ന് ഹെലികോപ്റ്ററിലാണ് കിരീടവുമായി താരങ്ങൾ നഗരത്തെ വലംവച്ചത്.

അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ദേശീയ അവധി പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശക്കൊടുമുടിയിലായിരുന്നു. ആവേശം മൂത്ത് ആരാധകർ തിങ്ങിക്കൂടിയതോടെ നഗരം ജനസാഗരമായി. താരങ്ങളെ കാണാൻ ഒട്ടേറെപ്പേർ ഹൈവേയിലെ പാലങ്ങളിൽ തിങ്ങിക്കൂടി. പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിച്ച ജനങ്ങളിൽ ഒട്ടേറെപ്പേർ പാതയോരങ്ങളിലെ ലൈറ്റുകൾക്കു മുകളിലും വാഹനങ്ങൾക്കു മുകളിലും വലിഞ്ഞുകയറി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7