ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങില്‍ ഒന്നാമത് ബ്രസീല്‍ തന്നെ

സൂറിച്ച് : മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങില്‍ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അര്‍ജന്റീന. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു ബ്രസീല്‍ തന്നെ. പെനല്‍റ്റി ഷൂട്ടൗട്ടിലെ വിജയങ്ങള്‍ക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയത്തിലും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഫിഫയുടെ പുതുക്കിയ റാങ്കിങ് ഔദ്യോഗികമായി വ്യാഴാഴ്ച പുറത്തുവിടും.

കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ നിശ്ചിത സമയത്തോ എക്‌സ്ട്രാ ടൈമിലോ തോല്‍പ്പിക്കാനായിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. വിജയം ഷൂട്ടൗട്ടിലായതോടെ ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2022 ഫെബ്രുവരിയിലാണ് ബെല്‍ജിയത്തെ മറികടന്ന് ബ്രസീല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമന്‍മാരായത്.

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ആകെ നേടിയത് മൂന്നു വിജയങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനോട് നിശ്ചിത സമയത്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടിലും തോറ്റു. അര്‍ജന്റീനയാകട്ടെ, ഖത്തറില്‍ നിശ്ചിത സമയത്ത് നേടിയത് നേടിയത് നാലു വിജയങ്ങള്‍. ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഉള്‍പ്പെടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടു വിജയങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില് സൗദി അറേബ്യയോടു തോല്‍ക്കുകയും ചെയ്തു.

ഫൈനലില്‍ ഉള്‍പ്പെടെ രണ്ടു വിജയങ്ങള്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായതോടെ ലഭിച്ച റാങ്കിങ് പോയന്റ് കുറവായതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇതോടെ, 2021ലെ കോപ്പ അമേരിക്ക കിരീടത്തിനു പുറമെ ഇത്തവണ ലോക കിരീടവും നേടിയിട്ടും അര്‍ജന്റീന റാങ്കിങ്ങില്‍ ബ്രസീലിനു പിന്നിലായി.

ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ലോകകപ്പ് നേട്ടത്തോടെ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം കയറി രണ്ടാം സ്ഥാനത്തെത്തി. ഫൈനലില്‍ തോറ്റ ഫ്രാന്‍സും ഒരു സ്ഥാനം കയറി മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പ് തുടങ്ങും മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്ന ബെല്‍ജിയം രണ്ടു സ്ഥാനങ്ങള്‍ ഇറങ്ങി നാലാമതാണ്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തു തുടരുമ്പോള്‍, ക്വാര്‍ട്ടറില്‍ കടന്ന പ്രകടനത്തോടെ നെതര്‍ലന്‍ഡ്‌സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും സെമിഫൈനല്‍ കളിച്ച ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങള്‍ കയറി ഏഴാമതെത്തി. ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇറ്റലി രണ്ടു സ്ഥാനങ്ങള്‍ നഷ്ടമാക്കി എട്ടാമതായി. പോര്‍ച്ചുഗല്‍ ഒന്‍പതാം സ്ഥാനത്തു തുടരുമ്പോള്‍, സ്‌പെയിന്‍ മൂന്നു സ്ഥാനം നഷ്ടമാക്കി പത്താമതായി.

ലോകകപ്പില്‍ അപ്രതീക്ഷിത കുതിപ്പു നടത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും മികച്ച പ്രകടനം കാഴ്ചവച്ച ഓസ്‌ട്രേലിയയുമാണ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇരു ടീമുകളും റാങ്കിങ്ങില്‍ 11 സ്ഥാനങ്ങള്‍ ഉയര്‍ന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവുമായി മൊറോക്കോ ഫിഫ റാങ്കിങ്ങില്‍ 11–ാം സ്ഥാനത്തെത്തി. പ്രീക്വാര്‍ട്ടറില്‍ കടന്ന ഓസ്‌ട്രേലിയ 27–ാം റാങ്കിലുണ്ട്. 1998–ല്‍ 10–ാം സ്ഥാനത്തെത്തിയാണ് ഫിഫ റാങ്കിങ്ങില്‍ മൊറോക്കോയുടെ ഏറ്റവും മികച്ച പ്രകടനം. അതേസമയം, 2015ല്‍ അവര്‍ 92–ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ബ്രസീലിനെതിരെ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ കാമറൂണ്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 33–ാം റാങ്കിലെത്തി. കോണ്‍കകാഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവുമായി യുഎസ്എ മൂന്നു സ്ഥാനങ്ങള്‍ ഉയര്‍ന്ന് 13–ാം റാങ്കിലെത്തി. രണ്ടു സ്ഥാനങ്ങള്‍ നഷ്ടമാക്കി മെക്‌സിക്കോ 15–മതായി.

ആതിഥേയരായ ഖത്തറും കാനഡയുമാണ് ലോകകപ്പ് കളിച്ച രാജ്യങ്ങളില്‍ ഏറ്റവും നഷ്ടം നേരിട്ടവര്‍. ഇരു ടീമുകളും 12 സ്ഥാനം താഴേക്കിറങ്ങി. കാനഡ 53–ാം സ്ഥാനത്തും ഖത്തര്‍ 62–ാം സ്ഥാനത്തുമാണ്. വെയ്ല്‍സ് ഒന്‍പത് സ്ഥാനം നഷ്ടമാക്കി 28–ാം റാങ്കിലാണ്. ഡെന്‍മാര്‍ക്ക് എട്ടു സ്ഥാനം നഷ്ടമാക്കി 18–ാം റാങ്കിലേക്കും വീണു. സെര്‍ബിയയും എട്ടു സ്ഥാനം നഷ്ടമാക്കി 29–ാം റാങ്കുകാരായി.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...