ദോഹ: ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലെ ആദ്യപാതിയില്‍ ഗോളടിക്കാതെ ക്രൊയേഷ്യയും മൊറോക്കയും. ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്നുറുച്ച ക്രൊയേഷ്യന്‍ നീക്കം രക്ഷപ്പെടുത്തിയത് മൊറോക്കോ ഗോള്‍ കീപ്പര്‍ നടത്തിയ തകര്‍പ്പന്‍ സേവാണ്.
ക്രൊയേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനവുമായി മൊറോക്കോ കളം നിറഞ്ഞ് കളിച്ചു. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായി ഇറങ്ങിയ ക്രൊയേഷ്യയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് കളത്തില്‍ മൊറോക്കോ താരങ്ങള്‍ പുറത്തെടുത്തത്.
പ്രതീക്ഷിച്ചതിന് വിപരീതമായി മൊറോക്കോയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. വിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി ക്രൊയേഷ്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഫിനിഷിങ്ങിലെ കൃത്യതക്കുറവും ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവവും അവര്‍ക്ക് തിരിച്ചടിയായി.
ആക്രമണവും പ്രത്യാക്രമണവുമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ലൂക്കാ മോഡ്രിച്ചിന്റെ ടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ക്രൊയേഷ്യന്‍ നീക്കങ്ങളുടെ മുനയൊടിക്കുന്ന പ്രതിരോധ നീക്കങ്ങള്‍ക്കാണ് ആദ്യ പാതി സാക്ഷിയായത്. 16ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ ലോങ് റേഞ്ചര്‍, നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.