ഇത് തന്റെ അവസാനത്തെ അവസരമാണിതെന്ന് ലയണല്‍ മെസ്സി

ലുസെയ്ല്‍: ഫുട്‌ബോള്‍ ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തന്റെ അവസാന അവസരമാണിതെന്ന് ലയണല്‍ മെസ്സി. ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്ന് അറിയാമെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും 2014 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിനെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ ആദ്യ പോരാട്ടത്തിന് മുമ്പായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതൊരു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്ന് എനിക്കറിയാം, നിശ്ചയമായും എന്റെ അവസാനത്തെ ലോകകപ്പ്. നമെല്ലാം ആഗ്രഹിക്കുന്ന, ഞാന്‍ കാണുന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള എന്റെ അവസാനത്തെ അവസരം. കരിയറിലുടനീളം ചെയ്തതുപോലെ ഈ ടൂര്‍ണമെന്റിന് വേണ്ടിയും ചെയ്യാവുന്നത് ചെയ്തിട്ടുണ്ട്. എന്നാല്‍, അതിലുപരിയായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല’, മെസ്സി പറഞ്ഞു.

കോപ്പ അമേരിക്ക് കിരീടം നേടിയ ടീമിന് ലോകകപ്പിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ സ്‌ക്വാഡില്‍ വിശ്വാസമുണ്ട്. നിലവിലെ അര്‍ജന്റീന ടീം 2014 ലോകകപ്പിന്റെ ഫൈനലിലെത്തിയ ടീമിനെ ഓര്‍മിപ്പിക്കുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമുണ്ടായിരുന്നു. എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിലെ ടീമിന്റെ മികച്ച് ഫോം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്’, അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് സി-യിലെ ആദ്യം പോരാട്ടത്തില്‍ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30-നാണ് മത്സരം. 4-4-2 അല്ലെങ്കില്‍ 4-3-1-2 ശൈലിയിലാകും ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കുന്നത്. 4-4-2 ആണെങ്കില്‍ ലൗട്ടാറോ മാര്‍ട്ടിനെസും ലയണല്‍ മെസ്സിയും മുന്നേറ്റത്തില്‍ വരും. മാക് അലിസ്റ്ററും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങുകളില്‍ കളിക്കും. ലിയനാര്‍ഡോ പാരെഡസും റോഡ്രിഗോ ഡി പോളും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുമായുണ്ടാകും. 4-3-1-2 ശൈലിയാണെങ്കില്‍ മെസ്സി താഴോട്ടിറങ്ങിക്കളിക്കും. മരിയയും മാര്‍ട്ടിനെയും മുന്നേറ്റത്തില്‍ വരും.

അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഒരു മത്സരത്തില്‍ക്കൂടി തോല്‍ക്കാതിരുന്നാല്‍ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പമെത്തും. 27 ജയവും ഒമ്പത് സമനിലയുമാണ് ടീമിനുള്ളത്. 2019 ജൂലായ് ആറിന് ചിലിയെ തോല്‍പ്പിച്ചാണ് കുതിപ്പാരംഭിക്കുന്നത്. ആ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോടാണ് അവസാനമായി തോറ്റത്.

മോഡല്‍ പീഡനത്തിനിരയായ സംഭവം: യുവാക്കള്‍ക്ക് ഒത്താശ നല്‍കിയത് ഡിംപിള്‍?; പ്രതികള്‍ ബാറില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടി

pathram:
Related Post
Leave a Comment