കുഴിവെട്ട് പരാമര്‍ശം ഓര്‍ക്കുന്നില്ല; NSS പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല – ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എന്‍എസ്എസ് പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല. താനും എന്‍.എസ്.എസിന്റെ ഭാഗമായിരുന്നു. കുഴിവെട്ട് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

പ്രിയ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെ എന്‍എസ്എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടിയത് അധ്യാപന പരിചയമായി കണക്കാക്കാന്‍ പറ്റുമോ എന്ന് കോടതി ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് വ്യക്തമാക്കി. കോടതി നടപടികള്‍ സുതാര്യമാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ലൈവ് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. പക്ഷെ, ചില സ്വാര്‍ഥ താത്പര്യക്കാര്‍ എല്ലായിടത്തുമുണ്ട്. അവര്‍ തെറ്റായി കാര്യങ്ങളെ വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കേസിലെ കക്ഷികള്‍ കോടതി നടപടികളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കുഴിവെട്ട് വിഷയത്തിലുള്ള പ്രിയ വര്‍ഗീസിന്റെ പോസ്റ്റ് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. കോടതിയുടെ വിമര്‍ശനം വന്നതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസ് ഫെയ്സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്. കുഴിവെട്ട് പരാമര്‍ശത്തെക്കുറിച്ചായിരുന്നു പോസ്റ്റ്.

എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. രാജ്യത്ത് നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. കുഴിവെട്ട് എന്നൊരു പരാമര്‍ശം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ഓര്‍ക്കുന്നില്ല. കോടതി രേഖകളെല്ലാം താന്‍ പിന്നീട് പരിശോധിച്ചുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി നല്‍കിയിട്ടുള്ളത്

Similar Articles

Comments

Advertismentspot_img

Most Popular