പത്തനംതിട്ട: ഇലന്തൂരിൽനിന്ന് ഇരട്ട നരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.
അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൺ ചരുവിൽ വീട്ടിൽ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബർ 10-ന് ഭഗവൽ സിങ്ങിന്റേയും ലൈലയുടേയും വീട് നിൽക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.
ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഭഗവൽസിങ്ങിന്റെ വീടിന്റെ മുൻഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോൾ ലൈല നിൽക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോൾ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടിൽ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോൾ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.
വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിർബന്ധിച്ചു. എന്നാൽ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാൽ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാൻ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കിൽ ആവാമെന്ന് സുമ പറഞ്ഞപ്പോൾ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരിൽ അതിന്റെ രസീതും കൊടുത്തു.
.ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിർന്ന ഒരാൾ എത്തിനോക്കിയിരുന്നതായി സുമ ഓർക്കുന്നു. അത് ഭഗവൽസിങ്ങായിരുന്നെന്ന് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിർദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തിൽനിന്ന് വായിച്ചെടുക്കാൻ. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.