ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇളവ് ആവശ്യപ്പെട്ട മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശൂരില്‍ ഫ്‌ലാറ്റ് സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രതിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.

നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി തള്ളി. 2016ലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 7 വകുപ്പുകളാണ് ചുമത്തിയത്. ഏഴിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, 80 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നല്‍കണമെന്നും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തേ ശിക്ഷ സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. അതിസമ്പന്നനായ നിഷാം താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular