പറവൂർ: പതിനൊന്നു വയസ്സുള്ള കുട്ടിയെ രണ്ടാനമ്മ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിൽ റിമാൻഡിലായ ചെറിയ പല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കൽ രമ്യയെ (38) പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാ വർക്കറാണു രമ്യ. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.
അവരുടെ അറിയിപ്പു ലഭിച്ചതിനെത്തുടർന്നു കുട്ടിയുടെ മൊഴിയെടുത്തശേഷമാണു പൊലീസ് രമ്യയെ അറസ്റ്റു ചെയ്തത്. ഇരയായ കുട്ടിയുടെ പിതാവിന്റെയും മൂത്ത സഹോദരിയുടെയും മൊഴിയെടുത്തപ്പോൾ വൈരുധ്യങ്ങൾ കണ്ടതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് റിപ്പോർട്ട് തേടി. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ക്രൂരമായി മർദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടെന്നും മൂത്രം കുടിപ്പിച്ചെന്നും വിസർജ്യം തീറ്റിച്ചെന്നും ഇരയായ കുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, നിരന്തരമായി മർദിച്ചതിനു തെളിവുണ്ടെന്നും മൂത്രം കുടിപ്പിച്ചതിനും വിസർജ്യം തീറ്റിച്ചതിനും തെളിവും ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തവരുത്താൻ കഴിയൂ എന്നുമാണു പൊലീസ് പറയുന്നത്.