പത്തനംതിട്ട: മൂഴിയാറിൽ മലവെള്ളത്തിൽ തടിപിടിക്കാൻ ചാടിയവർക്കെതിരെ പൊലീസ് കേസെടുത്തു. നാലു യുവാക്കളും മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നിർദേശം നൽകി. തിങ്കളാഴ്ച ഉച്ചയ്ക്ക്കഴിഞ്ഞ ദിവസം കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്നതിനിടെയായിരുന്നു യുവാക്കളുടെ സാഹസിക പ്രവൃത്തി.
കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ മൂന്നംഗ സംഘത്തിന്റെ സാഹസിക തടിപിടുത്തം. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളിൽ ഇരുന്നായിരുന്നു യാത്ര. തടി കരയിലേക്കു അടുപ്പിക്കാൻ കഴിയാതായതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്കു നീന്തുകയായിരുന്നു.
എല്ലാം കണ്ട് കരയ്ക്കുനിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. തടിയുടെ മുകളിൽ കയറി കുറച്ചു ദൂരം യുവാക്കൾ യാത്ര ചെയ്യുന്നതും വിഡിയോയിൽ കാണാമായിരുന്നു. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വൻ വിമർശനം ഉയരുകയും ചെയ്തിരുന്നു.