അവധി പ്രഖ്യാപനം: കലക്ടറുടെ പേജിൽ പൊങ്കാല

കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടർ രേണു രാജ്. ‘ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നാണ് രേണു രാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

മിക്ക സ്കൂളുകളിലും വിദ്യാർഥികൾ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെ കലക്ടറുടെ പേജിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അറിയിപ്പ്. ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കലക്ടറുടെ പേജിൽ അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് ഇന്നു രാവിലെ 8.25നാണ്.
അപ്പോഴേക്കും കുട്ടികൾ സ്കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഓഫിസുകളിലേക്കു പോയ മാതാപിതാക്കള്‍ മക്കളെ എങ്ങനെ വീടുകളിലേക്കു തിരിച്ചെത്തിക്കുമെന്നറിയാതെ കുഴങ്ങി.

മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ആദ്യ പീരിയഡുകൾക്കു ശേഷം അവധി നൽകുമെന്ന് മറ്റു ചില സ്കൂളുകളും അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7