കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട്. ഇത് വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി മധ്യ കേരളത്തിലെ മഴ ശക്തമാകാൻ സാധ്യത. ഇന്ന് രാത്രി/ പുലർച്ചെയോടെ എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേരളത്തിൽ ഓഗസ്റ്റ് 5 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 5 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 5 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഓഗസ്റ്റ് 1, 2: തെക്ക് ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഓഗസ്റ്റ് 3: തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ- പടിഞ്ഞാറൻ ബംഗാൾ, ഉൾക്കടൽ, തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഓഗസ്റ്റ് 4, 5: മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.