തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനുമാകും.
എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. നഗ്‌നദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ കീഴടങ്ങുമോയെന്ന് കാത്തിരിക്കുകയാണ് ഇവര്‍.
ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യദിവസം പൂര്‍ണ നഗ്‌നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതില്‍ചാടിക്കടന്ന് എത്തിയത്. രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി. രണ്ടുദിവസംകൊണ്ട് കടയുടെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളന്‍ മടങ്ങിയത്.
26-ാം തീയതിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ക്കടന്ന് മോഷണം നടത്തിയത്. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളിലും നെട്ടൂര്‍പെട്ടിയിലും ചെന്നപട്ടണം കളിപ്പാട്ടങ്ങളിലും കള്ളന് താത്പര്യം തോന്നിയില്ല. ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് ഇയാള്‍ സ്ഥലംവിട്ടത്. ഇതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങള്‍ ക്യാമറയില്‍ ലഭിച്ചു.
ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും തൂക്കി വാങ്ങിയാല്‍ ജിഎസ്ടി നല്‍കേണ്ടിവരില്ല
മ്യൂസിയം പോലീസില്‍ അടുത്തദിവസം പരാതി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ രഞ്ജിത്, കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എന്നിവര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വെബ്സൈറ്റിലും വീഡിയോയുണ്ട്.