രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത രഞ്ജിത്തിനെ അറിയുമോ എന്നാണ് മന്ത്രി സുധാകരനോട് ചോദിച്ചിരിക്കുന്നത്. യശ്വന്ത് ജിയെ കാണാൻ അങ്ങ് പോകുന്നുണ്ടെങ്കിൽ രഞ്ജിത്തിനെ പരിചയപ്പെടണമെന്നും മന്ത്രി പറയുന്നു. യശ്വന്ത് സിൻഹയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായാണ് മന്ത്രി എത്തിയത്.
” ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്ററിയുവാൻ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അങ്ങയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. വായിച്ചപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.
പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പി. രാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഞങ്ങൾ ഇടപെട്ടിരുന്നു.
യശ്വന്ത്സിൻഹയെയും ടീമിനെയും സഹായിക്കുവാൻ എന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങയുടെ പോസ്റ്റിൽ ഇടതുപക്ഷത്തിന്റെ മോദി പേടിയെ കുറിച്ച് വായിച്ചു.ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തിയും.
രഞ്ജിത്ത് എന്നാണ് പേര്. മോദി ഭരണത്തിന്റെ മർദ്ദനം ഡൽഹിയിൽ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്.
യശ്വന്ത് ജിയെ കാണാൻ അങ്ങ് പോകുന്നുണ്ടെങ്കിൽ പരിചയപ്പെടണം. അവിടെയുണ്ട്. അതു മാത്രമല്ല യശ്വന്ത്ജിതാമസിക്കുന്ന ഇടത്ത് പോയി മന്ത്രി പി രാജീവ് അദ്ദേഹത്തെ നേരിൽ കാണുകയുണ്ടായി.ആ ചിത്രവും ഞാൻ ഇവിടെ പങ്കുവെക്കുന്നു. ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റേ, രാഷ്ട്രീയനിലപാടുകൾ ക്യാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല, മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണ്.
പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിജിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയ്യാറാകാത്തത്. അങ്ങയെപോലെ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു. ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു”. മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അറിവില്ലായ്മ ഒരു തെറ്റല്ല..! ഗണേഷ് കുമാറിന് മറുപടിയുമായി വീണ്ടും ഷമ്മി തിലകൻ…