മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കും

മുംബൈ:: വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത്‌ ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഷിന്ദേയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്ന് സഞ്ജയ് റാവുത്ത്‌ നേരത്തെ പറഞ്ഞിരുന്നു.ഏക്‌നാഥ് ഷിന്ദേ സുഹൃത്തും പാര്‍ട്ടി മുന്‍ അംഗവുമാണ്. ദശാബ്ദങ്ങളോളം ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. പാര്‍ട്ടിയേയോ പ്രവര്‍ത്തകരേയോ ഒഴിവാക്കുക എന്നത് ഞങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമായ ഒരു കാര്യമല്ല. ഇന്ന് രാവിലെ ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എംഎല്‍എര്‍ സേനയില്‍ തുടരും. ഞങ്ങളുടെ പാര്‍ട്ടി ഒരു യോദ്ധാവാണ്, പോരാട്ടം തുടരും. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയോടാണ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളത്. ഉദ്ധവിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന്റെ അവകാശപ്പെട്ടു. എന്നാല്‍ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്നാണ് സഞ്ജയ് റാവുത്തിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.

ശിവസേനയുടെ അനുനയ നീക്കത്തിന് തടയിട്ട് കൊണ്ട് ഗുജറാത്തില്‍ തമ്പടിച്ചിരുന്ന വിമതര്‍ ചൊവ്വാഴ്ച രാത്രിയോടെ ഗുവാഹട്ടിയിലേക്ക് മാറിയിരുന്നു.

അതിനിടെ ശേഷിക്കുന്ന 12 എംഎല്‍എമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. ഏക്‌നാഥ് ഷിന്ദേയെ നീക്കിയതിന് പിന്നാലെ നിയമിച്ച പുതിയ നിയമസഭാ കൗണ്‍സില്‍ നേതാവ് അജയ് ചൗധരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7