തങ്ങൾ ഉറച്ച ശിവസൈനികരാണെന്നും അധികാരത്തിനായി ചതിക്കില്ലെന്നും വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി നടത്തിയ വിമത നീക്കത്തിന് പിന്നാലെയായിരുന്നു മന്ത്രികൂടിയായ ഷിൻഡെയുടെ പ്രതികരണം.
‘ഞങ്ങൾ ബാൽതാക്കറെയുടെ അടിയുറച്ച ശിവസൈനികരാണ്. ബാലസാഹെബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹെബിന്റെ തത്വങ്ങളും ശിക്ഷണങ്ങളും കാരണം അധികാരത്തിനായി ഒരിക്കലും വഞ്ചിച്ചിട്ടില്ല, വഞ്ചിക്കുകയുമില്ല’ ഷിൻഡെ ട്വീറ്റ് ചെയ്തു. അതേ സമയം ഷിൻഡെയെ ശിവസേന ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കി. തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ട്വീറ്റ്. ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അജയ് ചൗധരിയെ ആണ് പുതിയ ചീഫ് വിപ്പായി ശിവസേന നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻ സൂറത്തിലേക്ക് തിരിച്ചേക്കും. അവിടെയുള്ള ശിവസേന വിമതരുമായി അദ്ദേഹം ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഷിൻഡെയുടെ നേതൃത്വത്തിൽ 20-ന് മുകളിൽ ശിവസേന എംഎൽഎമാർ ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ച നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണ്.