ബിരിയാണി ചെമ്പ് വന്ന വഴി;കോടതിയില്‍ വിശദീകരിച്ച് സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍. മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന ഇതില്‍ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.

2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു.

ഷാര്‍ജ ഭരണാധികാരി എത്തുമ്പോള്‍ വേണ്ട നടപടികളും ആശയവിനിമയവും മുഖ്യമന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസില്‍ താന്‍ എത്തിയിരുന്നുവെന്നും സ്വപ്‌ന അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും അതിന് അവസരം ഒരുക്കികൊടുത്തുവെന്നും അവര്‍ പറയുന്നു. ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നളിനി നെറ്റോ, എം.ശിവശങ്കര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

കോണ്‍സുല്‍ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകള്‍ പോയിരുന്നത്. കോണ്‍സുല്‍ ജനറലിന്റെ മിസ്തുബിഷി കരാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകള്‍ എത്തിയിരുന്നതെന്നും സ്വപ്‌ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറിച്ചിട്ടുണ്ട്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്.

ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കര്‍ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സുര്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.

സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7