പൊലീസ് എത്തുമ്പോൾ തൂങ്ങിയ നിലയിൽ ഗർഭിണി; കാൽ പിടിച്ച് ഉയർത്തി; നാടകീയം
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു ഒരു ഫോൺ വന്നു. ഇല്ലിക്കൽ ഭാഗത്തു നിന്ന് ഒരു അച്ഛന്റെ ഫോണായിരുന്നു അത്. മകളുടെ ഭർത്താവ് മദ്യപിച്ചെത്തി മകളെ ദേഹോപദ്രവം ചെയ്യുന്നു, രക്ഷിക്കണമെന്നായിരുന്നു അപേക്ഷ. വെസ്റ്റ് പൊലീസ് അതിവേഗം പ്രവർത്തിച്ചു.
കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘത്തിന് വിവരം കൈമാറി. എസ്ഐ എം.എ. നവാസ്, എഎസ്ഐ ബിനു രവീന്ദ്രൻ, സിപിഒമാരായ സുരേഷ്, ജോസ് മോൻ, ബോബി സ്റ്റീഫൻ എന്നിവരാണ് പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
വീടിരിക്കുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ് അവിടേക്ക് കുതിച്ചു. റോഡിൽ നിന്ന് 100 മീറ്ററോളം മാറി വാഹനം പോകാത്ത വഴിയിലായിരുന്നു വീട്. കോളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ടിവി പ്രവർത്തിക്കുന്ന ശബ്ദം കേട്ടതോടെ വാതിൽ തള്ളിത്തുറന്നു.
കിടപ്പുമുറിയിൽ യുവതിയെ കണ്ടെത്തി. ജീവനൊടുക്കാനായി ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു യുവതി. എസ്ഐ നവാസും സിപിഒ സുരേഷും ചേർന്ന് യുവതിയുടെ കാലിൽ പിടിച്ച് ഉയർത്തി നിർത്തി.
കുരുക്കിട്ട ഷാൾ അഴിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഷാൾ മുറിക്കാൻ കത്തി തേടി അടുക്കളയിൽ ചെന്നെങ്കിലും കിട്ടാത്തതിനാൽ അടുത്ത വീട്ടിലേക്ക് പൊലീസ് ഓടി. അയൽവീട്ടിലെ സ്ത്രീയെയും കൂട്ടി. ഷാൾ മുറിച്ചുമാറ്റി കട്ടിലിൽ കിടത്തിയപ്പോഴേക്കും യുവതി അബോധാവസ്ഥയിലായി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവതിയുമായി മെഡിക്കൽ കോളജിലേക്കു പാഞ്ഞു. വിവരം പൊലീസ് മെഡിക്കൽ കോളജിലെ എയ്ഡ് പോസ്റ്റിൽ അറിയിച്ചതോടെ ചികിത്സാ സംവിധാനം തയാറായി.
അടിയന്തര ചികിത്സ ലഭ്യമാക്കിയതോടെ യുവതിയുടെ ആരോഗ്യനില വീണ്ടെടുത്തു. തക്ക സമയത്ത് എത്തിച്ചതിനാലാണു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു. അവർ പൊലീസിനെ അഭിനന്ദിച്ചു. യുവതിയെ ഉപദ്രവിച്ചത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി
Kottayam police rescue pregnant women Kottayam West police