കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർത്തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവ്.
സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു.
കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്.
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.
2020 മേയ് 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.
വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് ‘ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യചെയ്തുപോകുമെന്നും’ കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു.
പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിമുറിയിലെത്തിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്.അനിൽകുമാർ, ബി.അഖിൽ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.