ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്ത് പൊലീസ്. കുട്ടിയെ റാലിയില്‍ കൊണ്ടുവന്നവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 153 എ വകുപ്പ് പ്രകാരമാണ് കേസ്.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഇന്ന് ഉച്ചയ്ക്ക് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് പത്തുവയസുകാരന്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
നേരത്തെതന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഒരു കുട്ടിയായതിനാല്‍ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് നിശ്ചയിക്കുകയായിരുന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന പേരിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ റാലി നടത്തിയത്. കുട്ടികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റേയും മറ്റുള്ളവര്‍ അത് ഏറ്റ് ചൊല്ലുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.
അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കേണ്ടതല്ലെയെന്ന ചോദ്യമാണ് കോടതി മുന്നോട്ടുവച്ചത്. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ ഇവരുടെ മനസ് എങ്ങിനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് കോടതി ചോദിച്ചു. അഭിപ്രായ മത സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുട്ടികളെ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നും കോടതി ചോദിക്കുകയുണ്ടായി. ഏതാനും പോക്‌സോ കേസുകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.