കൊച്ചി: മൊബൈൽ വെളിച്ചത്തിൽ വിദ്യാർഥികളെക്കൊണ്ട് പരീക്ഷയെഴുതിച്ച് വിവാദമായ മഹാരാജാസ് കോളേജിൽ വ്യാഴാഴ്ച നടന്നത് മെഴുകുതിരിവെളിച്ചത്തിലെ പരീക്ഷ. കോളേജിലെ രണ്ടാംവർഷ ബിരുദ-ബിരുദാനന്തരബിരുദ പരീക്ഷയാണ് വൈദ്യുതി നിലച്ചതിനെത്തുടർന്ന് മെഴുകുതിരികൾ എരിയും വെളിച്ചത്തിൽ നടത്തിയത്. വൈദ്യുതി മുടങ്ങി ഇരുട്ടായതോടെയാണ് കോളേജ് അധികൃതർ കുട്ടികൾക്ക് ‘കാൻഡിൽ ലൈറ്റ് എക്സാ’മിന് അവസരമൊരുക്കിയത്. മെഴുകുതിരിവെളിച്ചത്തിലെ അത്താഴം ആർഭാടമാണെങ്കിലും പരീക്ഷാഹാളിലെ മെഴുകുതിരിവെളിച്ചം മഹാദുരിതമായെന്ന് പരീക്ഷയെഴുതിയ വിദ്യാർഥികൾ പറഞ്ഞു.
കുട്ടികളെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിച്ചത് വിവാദമായതിനെത്തുടർന്ന് പരീക്ഷ റദ്ദ് ചെയ്തിരുന്നു. ആ പരീക്ഷ വീണ്ടും നടത്തവേയാണ് വൈദ്യുതി വീണ്ടും പണിമുടക്കിയത്. അപ്പോൾ പഴയ പിഴവ് കൂടുതൽ ദയനീയമാംവിധം ആവർത്തിച്ചു.
വെളിച്ചക്കുറവുള്ള മുറികളിൽ പരീക്ഷ നടത്തരുതെന്ന് നേരത്തേ തീരുമാനമുണ്ടായിരുന്നു. എന്നാൽ, രണ്ട് ബാച്ചുകളുടെ പരീക്ഷ ഒരുമിച്ച് നടത്തേണ്ട സ്ഥിതിവന്നപ്പോൾ സ്ഥിതി ഇതായി. പരീക്ഷാമുറികളായ നമ്പർ 21-ലും 22-ലുമാണ് വീണ്ടും ദയനീയാവസ്ഥയുണ്ടായത്. വെളിച്ചക്കുറവുള്ളതിനാൽ ഈ മുറികൾക്ക് പകരം അക്കാദമിക് ബ്ലോക്കിലേക്ക് പരീക്ഷ മാറ്റുമെന്ന് തീരുമാനമുണ്ടായിരുന്നതായി വിദ്യാർഥികൾ പറയുന്നു. ജീവനക്കാർക്ക് പരീക്ഷാസൗകര്യമൊരുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പഴയമുറികൾ തന്നെ തിരഞ്ഞെടുത്തതെന്നും ആരോപണമുണ്ട്. തുടർച്ചയായി കോളേജ് അധികൃതരുടെ അനാസ്ഥമൂലം പരീക്ഷയെഴുതുന്നതിൽ വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്.
ലക്ഷക്കണക്കിനു രൂപ മുടക്കി ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കുന്നതിനോ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനോ കോളേജ് ഗവേണിങ് കൗൺസിൽ ഉൾപ്പെടെയുള്ള അധികാരികൾ ഒരു പരിശ്രമവും നടത്താത്തതാണ് വിദ്യാർഥികൾക്ക് ദുരിതവും മഹാരാജാസിന് നാണക്കേടുമുണ്ടാക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
അടിയന്തരഘട്ടത്തിൽ മെഴുകുതിരി-പ്രിൻസിപ്പൽ
പരീക്ഷയ്ക്കിടെ വൈദ്യുതിതടസ്സമുണ്ടായി. അടിയന്തരഘട്ടത്തിൽ മറ്റുമാർഗമില്ലാത്തതിനാലാണ് മെഴുകുതിരിവെളിച്ചത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. കുറച്ചുസമയം മാത്രമാണ് വിദ്യാർഥികൾക്ക് അസൗകര്യമുണ്ടായത്. ജനറേറ്റർ സൗകര്യമില്ലാത്ത മുറിയിലാണ് മെഴുകുതിരി കത്തിക്കേണ്ടിവന്നതെന്ന് പ്രിൻസിപ്പൽ ഡോ. വി. അനിൽ അറിയിച്ചു.