തൃക്കാക്കര: ട്വന്റി20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്. വിജയിക്കാന്‍ വേണ്ടി എല്ലാവരുടെയും വോട്ട് തേടുമെന്നും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നവരെ ഒപ്പം നിര്‍ത്തുമെന്നും ഉമ തോമസ് പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് ഉമ തോമസ് ഇക്കാര്യം പറഞ്ഞത്.
തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.