തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ച ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ച അഞ്ചു മണിയോടെ ജോർജിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമർപ്പിക്കലും പ്രതിഷേധങ്ങളും നടന്നു.
തിരുവനന്തപുരം വട്ടപ്പാറയിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ വാഹനം തടഞ്ഞ് പി.സി.ജോർജിന് അഭിവാദ്യമർപ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പി.സി.ജോർജ് യാത്ര ചെയ്തിരുന്നത്. പോലീസും മകൻ ഷോൺ ജോർജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയിൽ ബി.ജെ.പി. പഠനശിബിരത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ അപ്രതീക്ഷിതമായി പി.സി.ജോർജുമായി വന്ന വാഹനവും പോലീസ് വാഹനവും തടഞ്ഞുനിർത്തുകയായിരുന്നു. അഭിവാദ്യമർപ്പിച്ച ശേഷം കടത്തിവിട്ട പി.സി.ജോർജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോൾ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവും നടത്തി.
ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാൽ സുരക്ഷ മുൻനിർത്തിയാണ് എ.ആർ.ക്യാമ്പിലേക്കെത്തിച്ചത്. ജോർജിനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതിന് പിന്നാലെ അദ്ദേഹത്തെ കാണാൻ കേന്ദ്ര മന്ത്രി വി.മുരളീധരനും മറ്റു ബിജെപി നേതാക്കളും എത്തി. എന്നാൽ പി.സി.ജോർജിനെ കാണാനാവില്ലെന്ന് പോലീസ് അറിയിച്ചു. ജോർജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് വി.മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം കേന്ദ്ര മന്ത്രി മടങ്ങി.
ഡി.ജി.പി. അനിൽകാന്തിന്റെ നിർദേശപ്രകാരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോർജിനെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഡി.ജി.പി.ക്ക് പരാതിനൽകിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് 295 എ വകുപ്പ് കൂടി കൂട്ടിച്ചേർത്തു.
മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങൾ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥർക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാർത്ഥങ്ങളിൽ ചേർത്തു നൽകുന്നവെന്നടക്കം പ്രസംഗത്തിൽ പറഞ്ഞുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡ്, സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തില്ലെങ്കിൽ ക്ഷേത്രത്തിനു പുറത്തുവെച്ച് ഭക്തർ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നും ജോർജ് പറഞ്ഞിരുന്നു.