വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി; താന്‍ ദുബായിലുണ്ടെന്ന് നടന്‍

കൊച്ചി: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിര്‍മാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താന്‍ ദുബായിലുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കി. ഒളിവിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ വിജയ് ബാബു, തന്നെ ആര്‍ക്കും ബന്ധപ്പെടാമെന്നും അറിയിച്ചു.

അതേസമയം, പീഡനക്കേസില്‍ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി എടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയുടെ പേര് ഫെയ്‌സ്ബുക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെത്തന്നെ കേസെടുത്തിരുന്നു.

വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്‌സ്ബുക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച വിജയ് ബാബു, പരാതിയില്‍ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാന്‍ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; ഗുരുതര വകുപ്പുകള്‍, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്‌

pathram:
Related Post
Leave a Comment