കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.
ഒരു സിനിമാനടിയാണ് പരാതിക്കാരി. ഈ മാസം 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തേക്കാനുള്ള സാധ്യതയുമുണ്ട്.
ഈ കേസില്‍ ഇര താന്‍ ആണെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം
വിജയ് ബാബുവിന്റെ വിശദീകരണം
ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതില്‍ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആള്‍ ഇതില്‍ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാല്‍ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കള്‍ തുടങ്ങി എന്നെ സ്നേഹിക്കുന്നവര്‍ ദുഃഖം അനുഭവിക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തില്‍ അവര്‍ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോള്‍ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോള്‍ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മള്‍ നന്നാകുമ്പോള്‍, ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുമ്പോള്‍, ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവനെ എങ്ങിനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്ന രീതിയില്‍ കുറെ അട്ടകള്‍ വരും.
എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതല്‍ അറിയാം. അന്ന് മുതല്‍ 2021 വരെ ഞാന്‍ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷന്‍ ചെയ്തിട്ട് വരാന്‍ പറഞ്ഞിട്ട്, അത് ശരിയായി രീതിയില്‍ വന്ന് ചെയ്ത് സിനിമയില്‍ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോള്‍ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കള്‍ക്കും വരുന്ന ദുഃഖത്തേക്കാള്‍ വലുതൊന്നുമല്ല ഇതിന്റെ പേരില്‍ എനിക്ക് വരാന്‍ പോകുന്ന കേസ്. അത് ഞാന്‍ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാന്‍ ലൈവില്‍ വരാന്‍ തീരുമാനിച്ചത്.
സെറ്റില്‍ ഉണ്ടായ കാര്യങ്ങള്‍ എന്റെ ആളുകള്‍ പറയും. കണ്‍ട്രോളര്‍ തൊട്ട് നടീനടന്മാര്‍ വരെയുള്ളവര്‍ ഇക്കാര്യം പറയും. ആ സമയത്ത് ഈ കുട്ടിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ വിജയാഘോഷപരിപാടിയില്‍ ഈ കുട്ടി പങ്കെടുത്തില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാന്‍ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാന്‍ ഈ കുട്ടിയെ വിളിച്ചു. വോറൊരു ആളുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. ടയര്‍ പഞ്ചറായി പോയി എന്ന മറുപടിയാണ് കിട്ടിയത്. ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം നിനക്ക് ഇല്ലേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് സാറിനെ ഒന്ന് കാണണം പറഞ്ഞു. ഡിസംബര്‍ മുതല്‍ ഈ കുട്ടി എനിക്ക് മെസേജ് അയക്കാന്‍ തുടങ്ങി. മാര്‍ച്ചില്‍ ഞാന്‍ ഈ കുട്ടിയെ കണ്ടു. അവിടുന്ന് അയച്ച മെസേജുകള്‍ എന്റെ കൈയ്യിലുണ്ട്. അത് പുറത്ത് വിടാന്‍ ഞാന്‍ തയ്യാറാണ്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ കുടുംബവും എന്നെ സ്നേഹിക്കുന്നവരും എന്നെ വിശ്വസിക്കുന്നവരുമാണ് എനിക്ക് വലുത്. അതിനാല്‍ ഞാന്‍ ഇത് പുറത്തുവിടും. അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇന്ന് ഉച്ചതൊട്ട് ഞാന്‍ ഇത് പരിശോധിക്കുകയാണ്. ദൈവഭാഗ്യം കൊണ്ട് എല്ലാ റെക്കോഡുകളും എന്റെ കൈയ്യിലുണ്ട്. എനിക്ക് മൂന്ന്, നാല് പേരോടെ ഉത്തരം പറയാന്‍ ഉള്ളൂ. എന്റെ ഭാര്യയോട്, അമ്മയോട്, എന്റെ പെങ്ങളോട് അല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട് എനിക്ക് ഉത്തരം പറയണം. കേസ് കോടതിയില്‍പോയി കുറെ നാള്‍ കഴിഞ്ഞ് ചെറിയ വാര്‍ത്തയായി വിജയ് ബാബു രക്ഷപ്പെട്ടു എന്നു പറയുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇവര്‍ക്ക് ഡിപ്രഷന്‍ ആണെന്ന് പറഞ്ഞ് എന്നെ കാണാന്‍ വന്നയാളാണ്.
അതിനുശേഷം ഇവര്‍ അയച്ച എല്ലാ മെസേജുകളും എന്റെ കൈയ്യിലുണ്ട്. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. അതിന്ശേഷമുണ്ടായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയില്‍ വന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല. വേണമെങ്കില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ പറയാം. പക്ഷേ, അതിന്ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുണ്ടാകുന്ന ദുഃഖമോര്‍ത്ത് ഞാന്‍ അത് വിടുന്നില്ല. തത്ക്കാലം അത് അവിടെ നില്‍ക്കട്ടെ. അതുകൊണ്ട് ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകില്‍ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാന്‍ വെറുതേ വിടാന്‍ ആലോചിക്കുന്നില്ല. മീടൂവിന് ഇത് പുതിയൊരു തുടക്കം ആവട്ടെ. നമുക്ക് കാണാം. നമുക്ക് ഫൈറ്റ് ചെയ്യാം. എല്ലാറ്റിനും തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ ഇതിനും തുടക്കം കുറിക്കുകയാണ്. എന്റെ കൂടെ നില്‍ക്കുന്നവര്‍ക്കും മെസേജ് അയച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
Leave a Comment