മലപ്പുറം: തേഞ്ഞിപ്പലം പാണമ്പ്രയിൽ സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ മർദിച്ച സംഭവത്തിൽ പോലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം. പ്രതിക്കെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായില്ലെന്നും അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്തതെന്നും പരാതിക്കാർ ആരോപിച്ചു. പ്രാദേശിക ലീഗ് നേതാവിന്റെ മകനായതിനാലാണ് പോലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
ഏപ്രിൽ 16-ാം തീയതി ദേശീയപാതയിലെ പാണമ്പ്രയിലായിരുന്നു സംഭവം. സ്കൂട്ടർ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീർ നടുറോഡിലിട്ട് മർദിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാർ ചോദ്യംചെയ്തതായിരുന്നു മർദനത്തിന്റെ കാരണം. നേരത്തെ അമിതവേഗതയിൽ ഇടതുവശത്തുകൂടി കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തിരുന്നു. തുടർന്ന് സഹോദരിമാർ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തിൽവെച്ച് ഷബീർ കാർ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറിൽനിന്നിറങ്ങിയ യുവാവ് പെൺകുട്ടികളെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാൾ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഏപ്രിൽ 16-ന് നടന്ന സംഭവമായിട്ടും പോലീസ് ശനിയാഴ്ചയാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പരാതിക്കാർ ആരോപിച്ചു. പ്രതിയെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രതിക്കെതിരേ ചുമത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
‘അയാൾ ഭയങ്കര ദേഷ്യത്തിലായിരുന്നു. ഔട്ട് ഓഫ് കൺട്രോൾ ആയാണ് അയാൾ വണ്ടിയെടുത്ത് വന്നത്. ഞങ്ങളെ ഇടിച്ചിടാൻ വേണ്ടിയാണ് വന്നത്. ഞാൻ ബ്രേക്ക് പിടിച്ചുകൊണ്ടതാണ് ഞങ്ങൾ ആ വണ്ടിയുടെ അടിയിൽപ്പോകാതിരുന്നത്. പോലീസ് മൊഴിയെല്ലാം എടുത്തിരുന്നു. വധശ്രമമാണ് നടന്നത്. പക്ഷേ, എഫ്.ഐ.ആറിൽ പോലീസ് അങ്ങനെ എഴുതിയിട്ടില്ല. വണ്ടിയുമായി വന്ന് തടഞ്ഞു എന്നരീതിയിലാണ് പോലീസിന്റെ എഫ്.ഐ.ആർ. അതിനാൽ കേസ് സ്ട്രാങ്ങ് ആകില്ല’ പരാതിക്കാരി പ്രതികരിച്ചു.