പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ്. മുന്‍പ്രചാരകന്‍ എ. ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോങ്ങാട് സ്വദേശി ബിലാല്‍ ആണ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആദ്യ ആളാണ് ബിലാല്‍. ആറംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ വധഗൂഢാലോചനയിലും മറ്റും പങ്കെടുത്ത മൂന്ന് പേരെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി 16 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തരമേഖല ഐ.ജി. അശോക് യാദവ് പ്രതികരിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ സഹായകമാവുമെന്ന് പോലീസ് കരുതുന്ന ആറ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ സൂക്ഷ്മനിരീക്ഷണത്തിലുള്ളതായും സൂചനയുണ്ട്.
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജങ്ഷനു സമീപമുള്ള കടയില്‍വെച്ചാണ് ആര്‍.എസ്.എസ്. മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ. ശ്രീനിവാസന് വെട്ടേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. 15-ന് എലപ്പുള്ളി കുപ്പിയോട് പി.എഫ്.ഐ. പാറ യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ വെട്ടേറ്റ് മരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണ് പോലീസ് ഭാഷ്യം.