പലതും മദ്യലഹരിയില്‍ പറഞ്ഞതാകാം എന്ന് ദിലീപ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്നലെ നടന്നതു മാരത്തണ്‍ ചോദ്യംചെയ്യല്‍. എട്ടാംപ്രതി നടന്‍ ദിലീപ്‌, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്‌ എന്നിവരെയാണു ഇന്നലെ ചോദ്യം ചെയ്‌തത്‌.

ദിലീപിനെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ ചോദ്യം ചെയ്‌തത്‌. ഇന്നലത്തെ ചോദ്യംചെയ്യല്‍ ഒമ്പതര മണിക്കൂര്‍ നീണ്ടു. ആലുവ പോലീസ്‌ ക്ലബില്‍ ക്രൈംബ്രാഞ്ച്‌ മേധാവി എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനൊപ്പം രണ്ടുതവണ ഇരുത്തി ദിലീപിനെ ചോദ്യംചെയ്‌തു. കുമാര്‍ പറയുന്നതൊന്നും തനിക്കറിവുള്ള കാര്യമല്ലെന്നാണു ദിലീപ്‌ പ്രതികരിച്ചത്‌. മദ്യലഹരിയില്‍ പറഞ്ഞതാകാം. എന്നാല്‍, അവ ഓര്‍ക്കുന്നില്ല.

പല ചോദ്യങ്ങളില്‍നിന്നും ദിലീപ്‌ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണു കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താന്‍ ക്രൈംബ്രാഞ്ച്‌ തുനിഞ്ഞത്‌. മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല വിവരങ്ങളും നിരത്തിയാണു ദിലീപിനെ ചോദ്യംചെയ്‌തത്‌.
കേസില്‍ അറസ്‌റ്റുണ്ടാവില്ല എന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണു ദിലീപ്‌ ചോദ്യങ്ങളില്‍നിന്നു ഒഴിഞ്ഞുമാറുന്നത്‌. ചോദ്യങ്ങളില്‍ പതറുന്നുണ്ടെങ്കിലും ഉത്തരം നല്‍കാതെ മൗനം പാലിക്കുകയാണെന്ന്‌ അന്വേഷണസംഘം പറഞ്ഞു. ദിലീപുമായി സൗഹൃദമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത്‌ മൊഴി നല്‍കി.

ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്‌. ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപ്‌ ഗൂഢാലോചന നടത്തിയതിനെ കുറിച്ച്‌ അറിയില്ലെന്നും ശരത്ത്‌ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോടു പറഞ്ഞു.
ഇന്നലെ ആറു മണിക്കൂറാണ്‌ ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തത്‌. ശരത്തിനോടു ഇന്നും ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. വധഗൂഢാലോചനാ സമയത്ത്‌ ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച്‌ സംഘം പരിശോധിക്കുന്നുണ്ട്‌.

അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരേ അന്വേഷണ സംഘംഅങ്കമാലി ജെ.എഫ്‌.എം. കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. വ്യാജ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപിച്ചു സാഗര്‍ നല്‍കിയതു കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ബൈജു പൗലോസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു ബൈജു പൗലോസ്‌ പറയുന്നു.
കേസില്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണു സാഗര്‍ മൊഴിമാറ്റിയത്‌. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറും അഭിഭാഷകരും ചേര്‍ന്നാണു സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
കേസിലെ മറ്റൊരു സാക്ഷി ശരത്‌ ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്‌. ഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ്‌ വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ.എഫ്‌.എം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്‌. കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരേ ആക്രമണം നടക്കുമ്പോള്‍ കാവ്യാമാധവന്റെ ഉടമസ്‌ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ്‌ ലക്ഷ്യയിലെത്തിയത്‌ കണ്ടതായി പോലീസിനു മൊഴി നല്‍കിയ സാഗര്‍, പിന്നീട്‌ കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. പോലീസ്‌ അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്‌ബാന്‍ ഹോട്ടലില്‍ എത്തിച്ചാണു സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്നു കണ്ടെത്തിയിട്ടുണ്ട്‌.
ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണു സാഗര്‍ മൊഴിമാറ്റിയതെന്നു തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായി അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular