പാശ്ചാത്യരെ പല കാര്യങ്ങളിലും ഇന്ത്യക്കാര്‍ അനുകരിക്കാറുണ്ട്. ഫാഷനില്‍ മാത്രമല്ല അവരുടെ എന്റര്‍ടെയ്മെന്റ് മേഖല പോലും മലയാളികള്‍ കോപ്പിയടിക്കാറുണ്ട്. അതുകൊണ്ടു തന്നെ പാശ്ചാത്യ സംഗീതത്തില്‍ നിന്നുള്ള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ മലയാളി സംഗീതജ്ഞര്‍ ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മലയാള ഗാനത്തിന്റെ ഒരു കവര്‍ വേര്‍ഷന്‍ മറ്റു രാജ്യങ്ങളിലുള്ളവര്‍ പുറത്തിറക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വത സ്വന്തമാക്കിയിരുന്നത് മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ‘ഭീഷ്മപര്‍വ്വം’ സിനിമയില്‍ നിന്നാണ്. അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ഗാനമായ പറുദീസയ്ക്ക് അത്തരമൊരു കവര്‍ വേര്‍ഷന്‍ നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ ഗായികയായ യീയിസ് ദെസിയാന.
ഇന്തോനേഷ്യയിലെ തന്നെ പൊണ്ടിയാനക്കിലെ പുംഗൂര്‍ സുരബി കോര്‍ണര്‍ കഫെയില്‍ വച്ച് ചിത്രീകരിച്ച ഗാനത്തിന് ലൈവ് മ്യൂസിക്ക് ആണ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തില്‍ ഉപയോഗിച്ചിട്ടുള്ള ബി ജി എം തന്നെയാണ് കവര്‍ വേര്‍ഷനിലും ഉപയോഗിച്ചിരിക്കുന്നത്. ദെസിയാന ആലപിച്ച പാട്ടിന് മിഴിവേകി അക്കൗസ്റ്റിക്ക് ഗിറ്റാര്‍, ട്രംപറ്റ്, ട്രോംബോണ്‍ എന്നീ വാദ്യോപകരണങ്ങളും ഉണ്ട്. ഇന്തോനേഷ്യന്‍ ഭാഷയിലെ പാട്ടില്‍ ഇടയ്ക്ക് മലയാളം വാക്കുകളും ദെസിയാന ഉച്ചരിക്കുന്നുണ്ട്. ഈ പാട്ടിന്റെ വീഡിയോ അമല്‍ നീരദ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഭീഷ്മ പര്‍വ്വത്തിന് ആദ്യ നാല് ദിവസം കൊണ്ട് 8കോടിക്ക് മുകളില്‍ നേടി. തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രം കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും ഏറ്റെടുത്തിരുന്നു. ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പിറൈറ്റ് തുക ഈ സിനിമ കരസ്ഥമാക്കി എന്നാണ് പറയപ്പെടുന്നത്.